വേമ്പനാട്ടു കായലിന് മരണമണി; ആലപ്പുഴ, പത്തനംതിട്ട വരണ്ടുണങ്ങും, 4 ജില്ലകളിലേക്കും നാശം; കേരളത്തിന്റെ ജലമൂറ്റാന്‍ വീണ്ടും തമിഴ്‌നാട്
Mail This Article
മുല്ലപ്പെരിയാറിനു പിന്നാലെ കേരളത്തിലെ വെള്ളത്തില്‍ കൂടുതല്‍ കണ്ണുവച്ച് തമിഴ്‌നാട് വീണ്ടും രംഗത്തിറങ്ങുന്നതോടെ കളമൊരുങ്ങുന്നത് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അടുത്ത ജലയുദ്ധത്തിന്. ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമിയെ ജലസമാധിയിലാക്കുകയും ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഭാവിയില്‍ ജലക്ഷാമത്തിന് ഇടയാക്കുകയും കുട്ടനാടിന്റെയും വേമ്പനാട്ടുകായലിന്റെയും നാശത്തിനു വഴിവയ്ക്കുകയും ചെയ്യുന്ന പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് കേരളം ഉയര്‍ത്തുന്നത്. മുല്ലപ്പെരിയാറില്‍ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളുടെ പശ്ചാത്തലത്തില്‍, തെറ്റുകൾ തിരുത്തി ശാസ്ത്രീയമായ പഠനങ്ങള്‍ ഉള്‍പ്പെടെ നടത്തി ശക്തമായ പ്രതിരോധം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ തമിഴ്‌നാടിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ദേശീയ ജല വികസന ഏജന്‍സിയുടെ (എന്‍ഡബ്ല്യുഡിഎ) നീക്കമാണ് കേരളത്തിനു തലവേദനയാകുന്നത്. ഡിസംബറിൽ ചേരുന്ന ദേശീയ ജല വികസന ഏജന്‍സി യോഗത്തിന്റെ അജന്‍ഡയില്‍ കേരളവുമായി ചര്‍ച്ച നടത്താതെയാണ് വിഷയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അജന്‍ഡ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ലെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ പരിസ്ഥിതിക്ക് വലിയ തോതില്‍ പ്രത്യാഘാതം ഉണ്ടാക്കുന്ന, ഒരുപക്ഷേ വേമ്പനാട്ട് കായലിന് മരണമണി മുഴക്കാവുന്നതാണ് പദ്ധതി എന്ന തിരിച്ചറിവില്‍ അതിശക്തമായി എതിർക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഈ രണ്ടു നദികളും കേരളത്തില്‍ കൂടി മാത്രം ഒഴുകുന്നതാണെന്നും സംസ്ഥാനത്തിന്റെ അനുവാദമില്ലാതെ വെള്ളം തിരിച്ചുവിടാന്‍ നീക്കം നടത്തുന്നത് ഫെഡറല്‍ സംവിധാനത്തിനു യോജിച്ചതല്ലെന്നും കേരളം വ്യക്തമാക്കുന്നു.