അന്ന് ആരുമറിഞ്ഞില്ല, എ.ആർ. റഹ്മാന്റെ ആദ്യഗാനം പാടിയ ജയചന്ദ്രനെ; അടുപ്പക്കാരുടെ ജയേട്ടൻ; ‘അനുരാഗ ഗാനം പോലെ...’ ആ യാത്രാമൊഴി
Mail This Article
രോഗം ശരീരകോശങ്ങളെ കാര്‍ന്നു തിന്നുമ്പോഴും മലയാളത്തിന്റെ ഭാവഗായകന് ഉലയാത്ത ആത്മവിശ്വാസത്തോടെ ആവര്‍ത്തിച്ച് പറഞ്ഞു: ‘‘ഞാന്‍ ഇനിയും വരും. ഇനിയും പാടും. പഴയ ജയചന്ദ്രനായിത്തന്നെ...’’ നിറഞ്ഞ പുഞ്ചിരിയില്‍ പൊതിഞ്ഞ ആ വാക്കുകള്‍ ഇനിയില്ല. മാഞ്ഞുപോയ ആ ചിരി മായാതെ നില്ക്കുന്നു മനസ്സില്‍... വിവിധ ഭാഷകളിലായി പതിനാറായിരത്തില്‍ പരം ഗാനങ്ങള്‍ ആലപിച്ച ജയചന്ദ്രന് നഖക്ഷതങ്ങള്‍, പരിണയം ഉള്‍പ്പെടെ ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. യേശുദാസ് കത്തിനില്‍ക്കുന്ന കാലത്ത് അദ്ദേഹത്തെ അതിജീവിക്കാന്‍ സമകാലികരും പൂര്‍വസൂരികളും പിന്‍ഗാമികളുമായ ഒരു ഗായകര്‍ക്കും കഴിഞ്ഞില്ല. ആ സുവര്‍ണശബ്ദം അത്രമേല്‍ ശക്തമായിരുന്നു. ഗിരിശൃംഗത്തോളം ഉയരങ്ങളില്‍ നില്ക്കുന്ന ദാസിന്റെ സമശീര്‍ഷനായി പതിറ്റാണ്ടുകളോളം നില്ക്കാന് എണ്ണത്തില്‍ കുറഞ്ഞ പാട്ടുകളിലൂടെ ജയചന്ദ്രന് സാധിച്ചതെങ്ങിനെ എന്ന ചോദ്യത്തിനും ശ്രോതാക്കളുടെ മുന്നില്‍ വ്യക്തമായ ഉത്തരമുണ്ട്. യേശുദാസ് ശബ്ദഗാംഭീര്യം കൊണ്ട് മുന്നേറിയപ്പോള്‍ ജയചന്ദ്രന് ആലാപനത്തിലെ ഭാവാത്മകത കൊണ്ട് തന്റെ കയ്യൊപ്പ് ചാര്‍ത്തി. കഥാസന്ദര്‍ഭവും കഥാപാത്രങ്ങളുടെ വൈകാരികതയെയും പ്രോജ്ജ്വലിപ്പിക്കാന്‍ പര്യാപ്തമാം വിധം അവരുടെ ഉളളറിഞ്ഞ് ഭാവമധുരമായി അദ്ദേഹം പാടി. ഹൃദയദ്രവീകരണശേഷിയുളള പാട്ടുകളായിരുന്നു ജയചന്ദ്രന്റേത്.