യുഎസിലെ കാട്ടുതീയില് ഇൻഷുറൻസ് കമ്പനികൾ പാപ്പരാകുമോ! അപ്രതീക്ഷിത ‘ഇന്ധന’മായി തീക്കാറ്റ്; ചാരമായത് കോടികളുടെ ആസ്തികൾ

Mail This Article
2025 ജനുവരി 7, ഉച്ചയ്ക്ക് 2.30നാണ് ലൊസാഞ്ചലസിലെ പസിഫിക് പാലസെയ്ഡ്സിൽനിന്നുള്ള ആ ഞെട്ടിക്കുന്ന കാഴ്ചകൾ ലോകത്തിനു മുന്നിലെത്തിയത്. ഡേവിഡ് ഹാൻസെൻ എന്ന വ്യക്തിയാണ് സ്വന്തം വീടിനു സമീപത്തെ പ്രദേശങ്ങളെ ചാരമാക്കി കുതിക്കുന്ന കാട്ടുതീയുടെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിലിട്ടത്. വരാനിരിക്കുന്ന ഒരു വൻ ദുരന്തത്തിന്റെ സൂചന കൂടിയായിരുന്നു അതെന്ന് അധികമാരും അപ്പോൾ തിരിച്ചറിഞ്ഞതുമില്ല. പക്ഷേ, മുന്നിലുള്ളത് വൻ ദുരന്തമാണെന്ന് മുൻകൂട്ടി മനസ്സിലാക്കിയ ഡേവിഡ് തന്റെ വൃദ്ധയായ അമ്മയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചു. പിന്നീടുള്ള മണിക്കൂറുകളിൽ സംഭവിച്ചതെല്ലാം ഞെട്ടിക്കുന്ന, ഭീതിപ്പെടുത്തുന്ന കാഴ്ചകളായിരുന്നു. ശക്തമായ കാറ്റിൽ തീ വാനോളം ഉയർന്ന് ഒരു പ്രദേശം ഒന്നടങ്കം തീയിലമർന്നു. സാങ്കേതികമായും സാമ്പത്തികമായും ഏറെ മുന്നിൽ നിൽക്കുന്ന ഒരു രാജ്യത്തിനു പോലും കൈകാര്യം ചെയ്യാനാവുന്നതിനേക്കാൾ അതിഭീകരമായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ അഗ്നിതാണ്ഡവം. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം കൂടിയായിരുന്നു അത്. ഏകദേശം 60 ലക്ഷത്തിലധികം ജനങ്ങളെ ദുരന്തം ബാധിച്ചു. കാട്ടുതീയിൽ പച്ചമരങ്ങൾ പോലും നിന്നു കത്തി. ജനുവരി ഒന്നിനുണ്ടായ ഒരു തീപിടിത്തത്തിന്റെ അനന്തര ഫലമാണ് ഇപ്പോഴത്തെ ദുരന്തത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. അന്നത്തെ തീ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നെങ്കിലും അണയാതെ കിടന്നിരുന്ന ഭാഗത്തുനിന്നാണ് വൻ ദുരന്തത്തിലേക്കു നയിച്ച തീ പടർന്നതെന്നും പറയപ്പെടുന്നു. യുഎസിലെ കാട്ടുതീ പുതിയ സംഭവമല്ലെങ്കിലും ഇപ്പോഴത്തെ ദുരന്തത്തിന്റെ വ്യാപ്തി അതിഭീകരമാണ്. ലൊസാഞ്ചലസ് കാട്ടുതീ യുഎസിന്റെ സാമ്പത്തിക മേഖലയ്ക്ക് അപ്രതീക്ഷിതമായ ചില നഷ്ടങ്ങൾ വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. നിലവിലെ കണക്കുകൾ പ്രകാരം ലൊസാഞ്ചലസ് കാട്ടുതീ എത്രത്തോളം നാശനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്? ഇൻഷുറൻസ് കമ്പനികളുടെ നഷ്ടക്കണക്കുകൾ പറയുന്നതെന്താണ്? എത്രത്തോളം പ്രദേശങ്ങളാണ് കത്തിയമർന്നത്?