എല്ലാം തെളിഞ്ഞു, ഗ്രീഷ്മയ്ക്ക് തൂക്കുകയർ; ശാരീരികബന്ധത്തിനായി വിളിച്ചു, കൊടുത്തത് ‘കഷായവിഷം’; കൊടുംപാപത്തിന് കിട്ടി മരണശിക്ഷ

Mail This Article
‘‘ഞങ്ങൾ ആഗ്രഹിക്കുന്ന ശിക്ഷ അവൾക്കു കിട്ടിയില്ലങ്കിൽ പിന്നെ എന്തിനാണ് ജീവിക്കുന്നതെന്നു പോലും എനിക്കറിയില്ല...’’. ഗ്രീഷ്മ എന്ന പെൺസുഹൃത്ത് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഷാരോണ്‍ രാജ് എന്ന ഇരുപത്തിമൂന്നുകാരന്റെ പിതാവിന്റെ വാക്കുകളായിരുന്നു ഇത്. 2022 ഒക്ടോബർ 25നാണ് ജൂസ് കുടിച്ചതിനെ തുടർന്ന് അവശനിലയിലായി തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ചികിത്സയിലായിരുന്ന ഷാരോൺ മരണപ്പെടുന്നത്. മരണത്തിൽ സംശയം ആരോപിച്ച് കുടുംബാംഗങ്ങള്‍ നൽകിയ പരാതിയുടെ ചുവടുപിടിച്ച് പൊലീസ് ചെന്നെത്തിയത് കേരള മനഃസാക്ഷിയെത്തന്നെ ഞെട്ടിച്ച കൊലപാതകത്തിലേക്കായിരുന്നു. സംശയത്തിന്റെ ആദ്യമുന തന്നെ ഗ്രീഷ്മയ്ക്കു നേരെയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യമൊക്കെ താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ ശ്രമിച്ച ഗ്രീഷ്മയ്ക്ക് പക്ഷേ അധികം പിടിച്ചു നിൽക്കാനായില്ല. ഗ്രീഷ്മയുടേതായി പിന്നീട് രേഖപ്പെടുത്തിയ മൊഴികൾ ഓരോന്നായി പുറത്തുവന്നപ്പോൾ തെളിഞ്ഞത് കൊടുംക്രൂരതയായിരുന്നു. ഒടുവിൽ നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതിയും പറഞ്ഞു: ‘‘കൊലപാതകക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണ്’’. ഒടുവിൽ നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു. തെളിവു നശിപ്പിച്ചതിന് മൂന്നാം പ്രതി അമ്മാവൻ നിർമല കുമാരനും കുറ്റക്കാരനെന്നു തെളിഞ്ഞു. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടു. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മയെ പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് 111 ദിവസത്തെ ജയിൽവാസത്തിനു ശേഷം 2023 സെപ്റ്റംബർ 25ന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു. തുടർന്ന് വിചാരണ നേരിട്ടു വരുന്ന കേസിലാണ് ഇപ്പോൾ വിധി വന്നത്. കൊലചെയ്യാൻ തിരഞ്ഞെടുത്ത രീതിയിലെ വ്യത്യസ്തതയും കുറ്റവാളി ഒരു പെൺകുട്ടിയാണെന്നതും കേസിനെ കൂടുതൽ ചർച്ചാവിഷയമാക്കി മാറ്റിയിരുന്നു. അസ്വാഭാവിക മരണമെന്നു മാത്രം പൊലീസ് കേസെടുത്തൊരു മരണം പിന്നീട് നാടിനെ നടുക്കുന്ന കൊലപാതകമായി മാറിയത് എങ്ങനെയായിരുന്നു? ആരുമറിയാതെ പോകുമായിരുന്ന ഒരു യുവാവിന്റെ മരണത്തിലെ ദുരൂഹത ബന്ധുകൾ നൽകിയ പരാതി മൂലം തെളിയിക്കപ്പെട്ടത് എങ്ങനെയായിരുന്നു? ഒരു ഇരുപത്തിരണ്ടുകാരിയുടെ ഗൂഢബുദ്ധിയിൽ മാത്രം വിരിഞ്ഞതാണോ ഷാരോൺ കൊലപാതകം? ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്നു തെളിയുമ്പോൾ, ആ കൊടുംക്രൂരതയുടെ വഴിയെ വീണ്ടുമൊരു സഞ്ചാരം.