അന്ന് ഇങ്ങനെയാണ് ‘കിറ്റ് കൊള്ള’ നടത്തിയത്! ആ 3 പേർ എല്ലാം അറിഞ്ഞു ; മുക്കിയത് 8 ലക്ഷം കയ്യുറകൾ

Mail This Article
കോവിഡ് കാലത്ത് തെരുവിൽ അലയുന്ന കുരങ്ങനും നായ്ക്കൾക്കും ഭക്ഷണം കൊടുക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തപ്പോൾ അത് മനസു കൊണ്ടും പ്രവൃത്തി കൊണ്ടും ഏറ്റെടുത്തതാണ് ഓരോ മലയാളിയും. കോവിഡ് എന്ന മഹാമാരിക്കാലത്ത് മിണ്ടാപ്രാണികളോടു വരെയുള്ള സർക്കാരിന്റെ കരുതലായി അതിനെ മലയാളി കണ്ടു. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ആരോഗ്യ പരിചരണ പ്രവർത്തനങ്ങളെ മലയാളി ആശ്വാസത്തോടെ നോക്കിക്കാണുകയും ചെയ്തു. കോവിഡ് എന്ന ‘അടിയന്തര’ സാഹചര്യത്തിന്റെ പിന്നാമ്പുറത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ്‌സിഎൽ) വഴി കോടികളുടെ ഞെട്ടിക്കുന്ന കൊള്ള അരങ്ങേറിയിരുന്നു എന്ന വിവരം മലയാള മനോരമ 2023 തുടക്കത്തിൽ പുറത്തു കൊണ്ടു വന്നപ്പോൾ അതിനെ പൂർണമായും തള്ളുകയായിരുന്നു സർക്കാർ ചെയ്തത്. രേഖകളുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും പുറത്തു വന്ന വിവരങ്ങൾ പിന്നീട് പ്രതിപക്ഷവും മറ്റു മാധ്യമങ്ങളും ഏറ്റെടുത്തപ്പോഴും സർക്കാർ അനങ്ങിയില്ല. ലോകായുക്തയിൽ കേസ് തുടരുമ്പോഴും കാര്യമായ പ്രതികരണം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും എല്ലാ അർഥത്തിലും പിന്തുണയ്ക്കുന്ന പ്രതികരണങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.