‘ഗണ്‍ബോട്ട്' തന്ത്രത്തിൽ വിരട്ടി വെട്ടിയ പാനമ; യുഎസിന്റെ വഴി അടയ്ക്കുന്ന ചൈനീസ് ഭീഷണി; 'മണ്ടത്തരം' തിരുത്തുമോ ട്രംപ് ?

Mail This Article
‘ഗണ്‍ബോട്ട് നയതന്ത്ര’ത്താല്‍ കൊളംബിയയെ ഭയപ്പെടുത്തി വീഴ്ത്തി യുഎസ് മുന്‍ പ്രസിഡന്റ് തിയോഡോര്‍ റൂസ്‌വെല്‍റ്റാണ് പനാമ കനാലിനുള്ള ആദ്യ ‘വെട്ടു വെട്ടിയത്.’ ദുര്‍ബലരായ അയല്‍രാജ്യങ്ങളെ സൈനികശക്തി കാട്ടി ഭയപ്പെടുത്തി വിദേശനയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന തന്ത്രമാണ് ഗണ്‍ബോട്ട് ഡിപ്ലൊമസി അഥവാ പടക്കപ്പല്‍ നയതന്ത്രം. അതിര്‍ത്തിയില്‍ പടക്കപ്പലുകള്‍ തയാറാക്കി നിര്‍ത്തിയ ശേഷം മറുപക്ഷത്തോടു ചര്‍ച്ച തുടങ്ങുകയും അംഗീകരിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്ന രീതി. കൊളംബിയയില്‍നിന്നു സ്വതന്ത്രമാകാനുള്ള പാനമയുടെ പോരാട്ടത്തില്‍ യുഎസ് പങ്കാളിയായത് ഈ രീതി പയറ്റിയാണ്. അതാണു പിന്നീട് പാനമ കനാലിന്റെ നിര്‍മാണത്തിനു വഴി തെളിച്ചതും. ഇതേ കനാലിനായി പാനമയോടു കലഹിക്കുകയാണ് യുഎസ് ഇപ്പോള്‍. കനാൽ പാനമയ്ക്കു വിട്ടുകൊടുത്തത് മണ്ടത്തരമായെന്നും അതു തിരിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘‘പാനമ കനാല്‍ പാനമയ്ക്ക് നല്‍കുകയെന്ന മണ്ടത്തരം യുഎസ് ചെയ്തു. യുഎസിന്റെ ചരിത്രത്തില്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അത്രയും തുക ചെലവിട്ടായിരുന്നു പാനമ കനാലിന്റെ നിര്‍മാണം. കനാല്‍ വിട്ടുകൊടുക്കുകയെന്ന ഒരിക്കലും ചെയ്യരുതായിരുന്ന ആ മണ്ടത്തരം കാരണം നമ്മളിപ്പോള്‍ വളരെ മോശമായി പരിഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. നമുക്കു നൽകിയ വാക്ക് പാനമ ലംഘിച്ചു. കരാറിന്റെ ലക്ഷ്യവും ആത്മാവും പൂര്‍ണമായി ലംഘിക്കപ്പെട്ടിരിക്കുന്നു. നാവികസേനയുടേതുള്‍പ്പെടെ അമേരിക്കന്‍ കപ്പലുകള്‍ക്കു വലിയ നിരക്കാണ് ചുമത്തുന്നത്. അതിനേക്കാളുപരി, പാനമ കനാല്‍ നിയന്ത്രിക്കുന്നത് ചൈനയാണ്. നാമതു കൊടുത്തത് ചൈനയ്ക്കല്ല, പാനമയ്ക്കാണ്. അതുകൊണ്ട് നമ്മളത് തിരിച്ചെടുക്കുന്നു’’- യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ട്രംപ് നടത്തിയ പ്രസംഗത്തില്‍നിന്ന്.