ദിവസം 10 രൂപയ്ക്കു 50 യാത്രയുടെ ‘വിദ്യ’; മണിക്കൂറുകൾ മിനിറ്റാക്കും മെട്രോ; തൃപ്പൂണിത്തുറ മെട്രോയുടെ ഐശ്വര്യം

Mail This Article
റോഡിനു നടുവിൽ ഭീമൻ തൂണുകൾക്കു മുകളിലൂടെ പായുന്ന കുഞ്ഞൻ തീവണ്ടി. കേട്ടപ്പോൾത്തന്നെ പല കൊച്ചിക്കാരുടെയും നെറ്റി ചുളിഞ്ഞത് ആശങ്ക കൊണ്ടാണ്. തിരക്കേറിയ റോഡുകളിൽ മെട്രോത്തൂണുകൾ വന്നാൽ ഗതാഗതക്കുരുക്കു കൂടില്ലേ? ആദ്യത്തെ കൗതുകം കഴിഞ്ഞാൽ മെട്രോയിൽ ആളു കയറുമോ? ഇങ്ങനെ പലതായിരുന്നു ചോദ്യങ്ങൾ. ഇന്ന്, ഏഴു വർഷത്തിനിപ്പുറം, ‘മെട്രോ ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്തേനേ?’ എന്നു കൊച്ചിക്കാരോടു ചോദിച്ചാൽ ഉത്തരം ‘പണി കിട്ടിയേനേ’ എന്നാണ്. കൊച്ചിയുടെ യാത്രകളെ മെട്രോ അത്രമേൽ അനായാസമാക്കുന്നു. നഗരത്തിന്റെ വിശാലദൂരങ്ങളെ മിനിറ്റുകളുടെ അടുപ്പത്തിലേക്കു ചുരുക്കുന്നു. പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ കയറുന്ന കൊച്ചി മെട്രോ തുടർച്ചയായി രണ്ടാം വർഷവും പ്രവർത്തന ലാഭം നേടിയെന്ന വാർത്ത, ഒരു പൊതുഗതാഗത സംവിധാനത്തിന്റെ വിജയത്തിനു തെളിവാണ്. അതിന്റെ കണക്കുകൾ തിരഞ്ഞുപോകുമ്പോൾ ആ വിജയത്തിനു തിളക്കം കൂടുന്നു. മെട്രോയുടെ ആദ്യഘട്ടത്തിൽ ആലുവ മുതൽ പേട്ട വരെയായിരുന്നു സ്റ്റേഷനുകൾ. രണ്ടാം ഘട്ടത്തിലാണ് തൃപ്പൂണിത്തുറ വരെ മെട്രോ സർവീസ് ആരംഭിച്ചത്. ഡിസംബർ 24ന് ഏകദേശം ഒരുലക്ഷത്തി പതിനാലായിരം ആളുകളാണ് മെട്രോ ഉപയോഗിച്ചതെന്ന് കണക്കുകൾ രേഖപ്പെടുത്തി. സർവീസ് ആരംഭിച്ചതിനു ശേഷം രണ്ടാം തവണയാണ് മെട്രോ പ്രവർത്തന ലാഭം നേടുന്നത്. 2022 – 2023 ൽ 5.35 കോടി രൂപയായിരുന്നു ലാഭം. 2023 – 2024 ൽ അത് 23 കോടിയായി ഉയർന്നു. കണക്കുകളിൽ കണ്ണോടിക്കുമ്പോൾ മനസ്സിലാകും, തണുത്ത കുഞ്ഞൻ കോച്ചുകളിൽ നഗരത്തിന്റെ തലയ്ക്കു മുകളിലൂടെ പായുന്നതിന്റെ കൗതുകത്തിനപ്പുറം മെട്രോയെ കൊച്ചി ഏറ്റെടുത്തിരിക്കുന്നു. എന്തുകൊണ്ടാവും അത്? യാത്രക്കാരോടു തന്നെ ചോദിച്ചറിയാമെന്നു തീരുമാനിച്ചു. തൃപ്പൂണിത്തുറ മുതൽ ആലുവ വരെ ഒരു അന്വേഷണ യാത്ര.