ബാറ്ററിയുടെ ‘ചാർജ്’ കൂട്ടി ഇന്ത്യ; ഇനി ചൈനീസ് ‘ചന്ത’യാകില്ല, ലക്ഷ്യം ആഗോള നിർമാണ ഹബ്; കളിയാകില്ല, കളിപ്പാട്ടം പോലും

Mail This Article
മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുമ്പോൾ ധനമന്ത്രി നിര്‍മല സീതാരാമന്റെ മുന്നിൽ ഒരുപക്ഷേ രണ്ട് ലോകനേതാക്കളുടെ മുഖം തെളിഞ്ഞു നിന്നിരിക്കണം, അതില്‍ ഒരാൾ അയൽക്കാരൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, രണ്ടാമത്തെയാൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയിലും യുഎസിലും എന്താണ് നടക്കുന്നത്, എന്താണ് നടക്കാൻ പോകുന്നത്, ഇതെങ്ങനെ നമ്മുടെ രാജ്യത്തെ ബാധിക്കും, ഇതെങ്ങനെ തരണം ചെയ്യാനാകും എന്നീ ചോദ്യങ്ങളുടെ ഉത്തരവും ബജറ്റ് തേടുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ശക്തമായ സ്വാധീനമാകാൻ ശ്രമം നടത്തുന്ന ഇന്ത്യയുടെ ഭാവി നീക്കങ്ങളിലേക്കുള്ള വ്യക്തമായ സൂചനകൾ കൂടിയാണ് ബജറ്റിലുള്ളത്. ലോകത്തെ ഏറ്റവും വലിയ ‘നിർമാണ ഫാക്ടറി’യായ ചൈന തന്നെയാണ് ഇന്ത്യയ്ക്ക് വൻ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം തന്നെ ഇന്ത്യയിൽ നിന്ന് കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായ യുഎസ് ഏർപ്പെടുത്തുമെന്നു പറഞ്ഞിരിക്കുന്ന തീരുവകളും ട്രംപിന്റെ വരവോടെ വലിയ തലവേദനയാണ് സൃഷ്ടിക്കാൻ പോകുന്നത്. ട്രംപിന്റേയും ചിൻപിങ്ങിന്റെയും തന്ത്രപരമായ നീക്കങ്ങളിൽ നഷ്ടപ്പെടുന്നത് ഇന്ത്യൻ രൂപയുടെ മൂല്യവും വിദേശ നിക്ഷേപകരെയുമാണ്. യുഎസിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവയില്‍ കുറവു വരുത്തണമെന്ന സന്ദേശം നേരത്തേത്തന്നെ ട്രംപ് നൽകിയിരുന്നു. ഇതിനു മറുപടിയായി വിദേശ കാറുകൾക്കും മോട്ടർസൈക്കിളുകൾക്കുമുള്ള ഇറക്കുമതി തീരുവയില്‍ ബജറ്റിൽ കുറവും വരുത്തിയിട്ടുണ്ട്. എന്നാൽ പൂർണമായും കീഴ്‌പ്പെട്ടു പോകാതെ സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ളത്. യുഎസിനെയും ചൈനയേയും നേരിടാൻ എന്ത് നടപടികളാണ് 2025 ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? ഇത് ഇന്ത്യയുടെ ഇറക്കുമതിയേയും കയറ്റുമതിയേയും നിർമാണ മേഖലയേയും എങ്ങനെ സ്വാധീനിക്കും? വിശദമായി പരിശോധിക്കാം.