മോദി ഡല്‍ഹിയിൽ ‘ഇറങ്ങിയതിന്’ കാരണമുണ്ട്; ‘പ്രതിഭാസ’ത്തിന് അന്ത്യം കുറിക്കാൻ ബിജെപി; ഡല്‍ഹി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ത്യാ സഖ്യം എന്താകും?

Mail This Article
വോട്ടെടുപ്പു യന്ത്രങ്ങൾക്ക് കൂട്ടുകിടക്കും – ജനുവരി 26ന് ആം ആദ്മി പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. വിഷയം എന്താണെന്ന് പാർട്ടി ഇങ്ങനെ വിശദീകരിച്ചു: ‘‘ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ഇവിഎം യന്ത്രങ്ങളിൽ ക്രമക്കേട് നടത്തുമെന്ന ഭയവുമുണ്ട്. അതുകൊണ്ട് എല്ലാ ബൂത്തിനു മുന്നിലും ആത്മാർഥതയുള്ള ചെറുപ്പക്കാരായ വൊളന്റിയർമാരെ നിയോഗിക്കും. സാങ്കേതിക പരിജ്ഞാനമുള്ളവരായിരിക്കും ഇവർ. ഇതിനായി വൊളന്റിയർമാർക്ക് പ്രത്യേക പരിശീലനവും നൽകും.’’ ഇത്തരമൊരു തീരുമാനമെടുക്കേണ്ട സാഹചര്യത്തെപ്പറ്റി പറയുമ്പോൾ ‘‘സമീപ കാലത്തെ ചില തിരഞ്ഞെടുപ്പുകളിൽ പല ബൂത്തുകളിലും വോട്ടെടുപ്പ് ഒരു ഘട്ടത്തിൽ ഇഴയുന്നതായി കണ്ടിട്ടുണ്ട്. ഇതിന്റെ ഫലം ഒരു പ്രത്യേക പാർട്ടിക്കാണ് ലഭിക്കുന്നത്’’ എന്നും എഎപി കൂട്ടിച്ചേർക്കുന്നു. അടുത്തിടെ നടന്ന ചില നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേന്ദ്രം ‘അനഭിലഷണീയമായ രീതിയിൽ’ ഇടപെട്ടതായി സംശയം ഉയർന്നതാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും എഎപി പറയുന്നു. ആദ്യമായല്ല ഇത്തരമൊരു ആരോപണം എഎപി ഉന്നയിക്കുന്നത്. 2020 നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഇവിഎം യന്ത്രങ്ങൾ അനധികൃതമായി എടുത്തുകൊണ്ടുപോയെന്ന് സഞ്ജയ് സിങ് എംപി വിഡിയോകൾ സഹിതം ആരോപിച്ചിരുന്നു. എങ്ങോട്ടാണ് ഇവ കൊണ്ടുപോയതെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇവിഎമ്മുകൾ പാർട്ടി ഏജന്റുമാരുടെ മുന്നിൽ വച്ച് സീൽ ചെയ്ത് നേരെ സ്ട്രോങ് റൂമിലേക്കാണ് മാറ്റുന്നതെന്നും പൊലീസ് കാവലുള്ളതിനാൽ ക്രമക്കേടുകൾക്ക് ഒരു സാധ്യതയില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ അന്നു മറുപടി നൽകി. യുപിയിലെ 2017 നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും എഎപി സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. യുപിയിൽ ബിജെപി നേടിയ വൻ വിജയം സംശയാസ്പദമെന്നായിരുന്നു ആരോപണം. എഎപിയാണ് പണ്ടേ ആരോപണം ഉന്നയിക്കുന്നതെങ്കിൽ ഇപ്പോൾ കോൺഗ്രസും ആ നിരയിലുണ്ട്. ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയെന്ന് ആരോപിച്ച് കോടതിയിൽ കേസുമായി മുന്നോട്ടുപോകുകയാണ് കോൺഗ്രസ്. മറ്റെവിടെയും കാണാത്ത ആരോപണങ്ങൾ കൊണ്ട് ഡൽഹി തിരഞ്ഞെടുപ്പ് ഇളക്കി മറിക്കുകയാണ് എഎപിയും അരവിന്ദ് കേജ്‌രിവാളും.