ബിജെപിയും 'ഭയന്ന' മുഖ്യമന്ത്രി; കലാപത്തീയിൽ എണ്ണ പകർന്ന ബിരേൻ സിങ്; ഈ രാജിയിൽ സമാധാനം പുലരുമോ മണിപ്പുരിൽ?

Mail This Article
ഇക്കുറി രാജിവയ്ക്കാനായി ഗവർണറെ കാണാൻ പോയ വഴിയിൽ മണിപ്പുരിലെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന് തടസ്സമൊന്നും ഉണ്ടായില്ല. രാജിക്കത്ത് വാങ്ങി പല കഷ്ണങ്ങളായി കീറിയെറിയാനോ, 'അയ്യോ പോകല്ലേ' എന്ന് 'ഭീഷണിപ്പെടുത്തി' തടയാനോ സായുധ അനുകൂലികൾ ധൈര്യം കാട്ടിയില്ല. ഇന്ത്യയുടെ സമാധാന യശസ്സിന് ഒരു വേദനയായി നിലകൊണ്ട മണിപ്പുരിലെ കലാപം അവസാനിപ്പിക്കാൻ പരാജയപ്പെട്ട ബിരേൻ സിങ് ഒടുവിൽ രാജി വച്ചൊഴിഞ്ഞിരിക്കുന്നു. 27 വർഷത്തിനു ശേഷം, രാജ്യതലസ്ഥാനം ഉൾക്കൊള്ളുന്ന ഡൽഹിയിൽ ഭരണം പിടിക്കാൻതക്ക താമരകൾ വിരിഞ്ഞിറങ്ങി മണിക്കൂറുകൾ കഴിയും മുൻപാണ് മണിപ്പുരിൽ ബിജെപി മുഖ്യമന്ത്രി രാജിവയ്ക്കുന്നത്. ഫെബ്രുവരി 10ന് സംസ്ഥാന ബജറ്റ് അവതരണം നടക്കാനിരിക്കെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തയാറെടുക്കെയാണ് മുഖ്യൻ പടിയിറങ്ങിയത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ രാജിക്ക്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഒരു സംസ്ഥാനത്തെ രണ്ടു ജനവിഭാഗങ്ങൾ കയ്യിൽ അത്യാധുനിക ആയുധങ്ങളും ധരിച്ച് അതിർത്തിയിൽ ശത്രുരാജ്യങ്ങളിലെ സൈനികർ കാവൽ നിൽക്കുന്നതു പോലെ ജാഗരൂകരായി നിൽക്കുന്നത് ഇന്ത്യയിലായിരുന്നു എന്നത് വിശ്വസിക്കാൻ പോലും പ്രയാസം തോന്നും. 2023 മേയിൽ മണിപ്പുരിൽ ചിതറിയ തീപ്പൊരി വളർന്ന് ആഴിയായി കനലണയാതെ തുടർന്നത് സംസ്ഥാന സർക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ഉദാസീനത കൊണ്ടുമാത്രമാണെന്ന ആരോപണം തുടർച്ചയായി പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഒരു ഇടവേളയിൽ സമാധാനം പുലർന്നു എന്ന് കരുതിയപ്പോഴും മുഖ്യമന്ത്രിയുടെ പക്ഷപാതം ഒന്നുകൊണ്ടുമാത്രമാണ് മണിപ്പുർ വീണ്ടും അശാന്തമായ അവസ്ഥയുണ്ടായത്. എന്തുകൊണ്ടാവും ബിരേൻ സിങ്ങിന്റെ രാജിക്ക് ഇത്രയും കാലതാമസം സംഭവിച്ചത്? മണിപ്പുരിലെ അശാന്തിയിൽ എങ്ങനെയാണ് ബിരേൻ സിങ് തന്റെ രാഷ്ട്രീയക്കണ്ണ് തുറക്കാതെ ഉറക്കം നടിച്ചത്. രാജിപ്രഖ്യാപനത്തിന്റെ ഈ മണിക്കൂറിൽ പരിശോധിക്കാം.