100 സീറ്റ് തേടി 300 പേർ; 'ശ്വാസം മുട്ടുന്നു'; അകത്തു കടക്കാനും 'എമർജൻസി വാതിൽ'; നേരം പുലർന്നപ്പോൾ ഒരു ചോദ്യം ബാക്കി, ദുരന്തമോ ഇവിടെയോ...?

Mail This Article
സാധാരണ ദിവസങ്ങളിൽ തന്നെ അസാധാരണമായ തിരക്ക് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പതിവാണ്. രണ്ട് പ്രധാന കവാടങ്ങളിലും 16 പ്ലാറ്റ്ഫോമുകളിലുമായി രാജ്യത്തിന്റെ തന്നെയല്ല, ലോകത്തിന്റെ തന്നെ പലകോണുകളിൽ നിന്നുള്ളവർ തിക്കിതിരക്കുന്നയിടം. ദീപാവലി, ഹോളി, ഛഠ്പൂജ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നത് പതിവാണ്. അത് മുൻകൂട്ടിക്കണ്ട് ആവശ്യമായ നടപടികൾ ആർപിഎഫ് സ്വീകരിക്കാറുമുണ്ട്. എന്നാൽ, ഇക്കുറി ആർക്കും ഒന്നും ചെയ്യാനായില്ല. ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുഭമേളയ്ക്കു പോകാനെത്തിയവരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ പൊലിഞ്ഞത് 18 ജീവനുകൾ. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് നിയന്ത്രിക്കാനാകാതെ തിരക്കും തുടർന്ന് ദുരന്തവുമുണ്ടായത്. തിക്കിലും തിരക്കിലും കൈവിട്ടുപോയ ഉറ്റവരെയും ഉടയവരെയും തേടിയുള്ള നിലവിളി ശബ്ദവും പൊലീസിന്റെ നിയന്ത്രണ വിസിൽ മുഴക്കവും ഉപേക്ഷിക്കപ്പെട്ട ബാഗുകളും ചെരിപ്പുകളും സഞ്ചികളും കൂടിക്കലർന്ന് വല്ലാതെ ഭീതിതമായ രാത്രി. എന്നാൽ, ഏതനും മണിക്കൂറുകൾക്കകം ഇരുളിനെ വകഞ്ഞുമാറ്റി പ്ലാറ്റ്ഫോമിലേക്ക് സൂര്യ വെളിച്ചമെത്തിയപ്പോഴേക്കും എല്ലാം പിന്നെയും പഴയപടിയായി. ഭീതിയുടെ പകപ്പ് വിട്ട് തിരക്കിന്റെ വീർപ്പുമുട്ടലിലേക്ക് അവർ വീണ്ടും യാത്ര തുടങ്ങി...