അഫാൻ കീഴടങ്ങിയതിനു പിന്നിലുണ്ട് ഞെട്ടിക്കുന്ന ഒരു സത്യം; ഇപ്പോഴില്ല ‘ദൃശ്യം മോഡൽ’; കൊല്ലുമ്പോൾ ഇവർക്ക് ഗ്രീഷ്മയുടെ മനസ്സ്?

Mail This Article
കേരളത്തിൽ കൊലപാതക കേസുകളുടെ എണ്ണം ‘കുറയുന്നു’ – ഒരു പകലിന്റെ ദൈർഘ്യത്തിൽ അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ കൂടപ്പിറപ്പ് ഉൾപ്പെടെ അഞ്ചു പേരെ ക്രൂരമായി കൊലപ്പെടുത്തിയതിന് മണിക്കൂറുകൾക്കു മുൻപ് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് പുറത്തുവിട്ട റിപ്പോർട്ടിലെ പ്രധാന ഭാഗമാണിത്. 2024ൽ സംസ്ഥാനത്ത് 335 കൊലപാതകക്കേസുകളാണ് ഉണ്ടായത്. മുൻവർഷത്തെ അപേക്ഷിച്ച് കുറവാണിത്. നാലു കേസുകളിൽ ഒഴികെ 331 എണ്ണത്തിലും പ്രതികളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞതും നേട്ടമായിട്ടാണ് പൊലീസ് മേധാവി അവതരിപ്പിക്കുന്നത്. ഇതേ റിപ്പോർട്ടിൽ കേരളത്തിലെ ലഹരിമരുന്ന് കേസുകളെ കുറിച്ചും പറയുന്നുണ്ട്. ഒരുവർഷം കേരളത്തിൽ പിടികൂടിയത് 4500 കിലോ കഞ്ചാവും 24 കിലോ എംഡിഎംഎയുമാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരുവിവരം. കൊലപാതകങ്ങളിൽ മിക്കവയിലും രാസലഹരിയുടെ പങ്ക് സംശയങ്ങൾക്ക് അതീതമായി തെളിഞ്ഞുനിൽക്കുകയാണ്. എന്നാൽ എല്ലാ കുറ്റകൃത്യങ്ങളെയും ലഹരിയുമായി ബന്ധിപ്പിക്കാനും സാധിക്കില്ല. അടുത്തിടെ കേരളത്തിൽ സംഭവിക്കുന്ന കൊലപാതകങ്ങൾ നിരീക്ഷിച്ചാൽ അവയുടെ പാറ്റേൺ തന്നെ മാറിയിരിക്കുന്നുവെന്നു കാണാം. മുൻപ് കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കുവാനോ ഒളിവിൽ പോകാനോ പ്രതികൾ ശ്രമിച്ചിരുന്നെങ്കിൽ ഇപ്പോള്‍ കൃത്യം ചെയ്തു നേരെ പൊലീസിനു മുന്നിൽ കീഴടങ്ങുന്ന ശീലമാണുള്ളത്. വീടുകളിൽ സ്വത്തിന്റെയും കുടുംബകലഹത്തിന്റെയും പേരിൽ നടക്കുന്ന കൊലപാതകങ്ങളിലേക്കു നയിച്ച കാരണങ്ങളിലും മാറ്റം സംഭവിച്ചിട്ടുണ്ട്. പെട്ടെന്നുള്ള പ്രകോപനത്തിൽ രക്തബന്ധം മറന്നു ജീവനെടുക്കാൻ തക്ക രീതിയിൽ യുവമനസ്സ് മാറിയിരിക്കുന്നു. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച, മാതാപിതാക്കളെ മക്കൾ കൊലപ്പെടുത്തിയ ചില കേസുകളും, അത്തരം കേസുകളിൽ കുറ്റകൃത്യങ്ങളിലുണ്ടായ മാറ്റങ്ങളും പരിശോധിക്കുകയാണ് ഇവിടെ.