പണി കിട്ടുന്നത് പുട്ടിന്, ഗുണമാകുന്നത് മസ്കിന്; സെലെൻസ്കിയുടെ ‘ഓഫറിൽ’ ട്രംപ് വീണോ? കരിങ്കടൽ നിധിപ്പെട്ടി തുറന്ന് വരുന്നു ‘ധാതുഭൂതം’

Mail This Article
ഒടുവിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിൽ സെലെൻസ്കി അതു സമ്മതിച്ചിരിക്കുന്നു. രാജ്യത്തിന്റെ കൈവശമുള്ള ധാതുസമ്പത്തിന്റെ വലിയൊരു പങ്ക് യുഎസിനു കൈമാറാം. പകരം റഷ്യയുമായുള്ള യുദ്ധത്തിന് സമാധാനപരമായ ഒരു അന്ത്യം വേണം. മാത്രവുമല്ല, രാജ്യത്ത് സമാധാനസേനയേയും നിയോഗിക്കണം. സേനയെ വിന്യസിക്കാമെന്നത് യുഎസ് നൽകിയ ഉറപ്പാണ്. എന്നാൽ റഷ്യ അതിനു സമ്മതിക്കുമോ എന്നതു കാത്തിരുന്നു കാണണം. നാറ്റോ സേനയെ വിന്യസിക്കാനാണു തീരുമാനമെങ്കിൽ അത് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ അസ്വസ്ഥനാക്കുമെന്നതും ഉറപ്പ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മധ്യസ്ഥതയിൽ ഫെബ്രുവരി മൂന്നാം വാരം സൗദിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. മൂന്നു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രതിനിധി സംഘം ചർച്ചയിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നായിരുന്നു യുഎസ് ചർച്ചയ്ക്കു ശേഷം വ്യക്തമാക്കിയത്. എന്നാൽ ചർച്ചയില്‍ യുക്രെയ്നിനെ പങ്കെടുപ്പിച്ചില്ലതാനും. ഭാവിയിൽ റഷ്യയുടെ ഭാഗത്തുനിന്നു സംഭവിക്കാവുന്ന എല്ലാ ഭീഷണികളും തടയാൻ യുഎസ് സജ്ജമാണെന്നും പിന്നാലെ നടന്ന ചർച്ചയിൽ ട്രംപ് സെലൻസ്കിയെ അറിയിച്ചു. എന്നാൽ അതിനു പകരമായി ട്രംപ് ചോദിച്ചത് ചെറിയ കാര്യമല്ല. കോടിക്കണക്കിനു ഡോളർ മൂല്യം വരുന്ന യുക്രെയ്നിന്റെ പകുതി ധാതുസമ്പത്താണ്! യുഎസ് ഇതുവരെ യുക്രെയ്നിൽ ചെലവഴിച്ച തുകയ്ക്കു പകരമായി ആ ധാതുസമ്പത്തിനെ കരുതിയാൽ മതിയെന്നും വ്യക്തമാക്കി. എന്തുകൊണ്ടാണ് യുക്രെയ്നിന്റെ ധാതുസമ്പത്തിനു മേൽ യുഎസ് കണ്ണുവയ്ക്കുന്നത്? ടൈറ്റാനിയവും ലിഥിയവുമടക്കം യുക്രെയ്നിന്റെ അപൂർവ ധാതുസമ്പത്ത് ട്രംപിന്റെ കൈവശമെത്തുമ്പോൾ എന്തു സംഭവിക്കും?