ചൈനയോട് ‘തോൽക്കാൻ’ വയ്യ; യുക്രെയ്ൻ കരാർ കൈവിടാതെ യുഎസ്; കൊല്ലത്തുമുണ്ട് ട്രംപ് കൊതിയോടെ കണ്ണുവച്ച ആ അപൂർവ ധാതുശേഖരം; പക്ഷേ...

Mail This Article
ഇത്രയും നാൾ റഷ്യയോടു പോരാടാൻ വേണ്ടി നൽകിയ പണത്തിനും ആയുധങ്ങൾക്കു പകരമായി യുക്രെയ്നിലെ വിശാലമായ ധാതുസമ്പത്ത് നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ട് അധികനാളായിട്ടില്ല. പകരം യുക്രെയ്നിൽ സമാധാന സേനയെ വിന്യസിക്കാമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തിൽ ഇതിനെ എതിർത്തെങ്കിലും പിന്നാലെ സമ്മതം മൂളി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഇരു നേതാക്കളും മാർച്ച് ഒന്നിന് വാഷിങ്ടനിൽ നടത്തിയ കൂടിക്കാഴ്ച പക്ഷേ വാക്‌പോരിൽ തെറ്റിപ്പിരിഞ്ഞെന്നു മാത്രം. കരാറിൽനിന്ന് പിന്മാറിയെന്ന് ട്രംപ് അറിയിച്ചിട്ടില്ല. പക്ഷേ, യുക്രെയ്നിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ രീതിയിലൊരു പ്രതികരണം വന്നില്ലെങ്കിൽ കരാറിനെപ്പറ്റി ചിന്തിക്കേണ്ട എന്ന സൂചന നൽകിക്കഴിഞ്ഞു അദ്ദേഹം. എന്നാൽ, എത്ര വഴക്കുണ്ടായാലും അതിന്റെ പേരിൽ യുക്രെയ്നിലെ ധാതു സമ്പത്ത് കൈവിട്ടുകളയാൻ ട്രംപ് തയാറാകില്ലെന്നതാണ് യാഥാർഥ്യം. അത്രയേറെ നിർണായകവും തന്ത്രപ്രധാനവുമാണ് യുഎസിനെ സംബന്ധിച്ചിടത്തോളം ആ ധാതുക്കൾ. അതിൽത്തന്നെ യുക്രെയ്നിലെ ടൈറ്റാനിയത്തിന്റെ വലിയ നിക്ഷേപം ലക്ഷ്യമിട്ടാണു ട്രംപിന്റെ നീക്കമെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്തുകൊണ്ട് ട്രംപ് ടൈറ്റാനിയം ലക്ഷ്യമിടുന്നു? ലോകത്ത് 7 രാജ്യങ്ങൾ മാത്രം ഉൽപാദിപ്പിക്കുന്ന ടൈറ്റാനിയം സ്പോഞ്ചിന് എന്തുകൊണ്ടാണ് ഇത്രയേറെ ആവശ്യക്കാരുള്ളത്? ഇന്ത്യയിൽ കൊല്ലത്തു മാത്രം ഉൽപാദനം നടക്കുന്ന ടൈറ്റാനിയം സ്പോഞ്ചിന് ഇത്രയും വലിയ ഭാവി ഉണ്ടോ? ടൈറ്റാനിയം ശക്തിയായി ഇന്ത്യയെ ഉയർത്താനാണോ കരിമണൽ ഖനനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്? ചോദ്യങ്ങൾ നിരവധിയാണ്.