ആരും പ്രതീക്ഷിച്ചില്ല, വയനാട് മല തുരക്കുമ്പോൾ അസാധാരണ ‘ആശങ്ക’; പാറ പൊട്ടൽ പ്രകമ്പനം എത്തുമോ ‘ആകാശത്തുരുത്തിൽ’?

Mail This Article
രാജ്യത്ത് ഇനി ബാക്കിയുള്ളത് 2500 എണ്ണത്തിൽ താഴെ മാത്രം. അവയുടെ വാസമാകട്ടെ വയനാട്ടിലെ ചെമ്പ്ര മലയുടെ മുകളിലെ ആകാശത്തുരുത്തുകളിൽ (Sky Island). രാജ്യത്ത് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന കാട്ടുപക്ഷികളിൽ ഒന്നായ ബാണാസുര ചിലപ്പൻ കിളികൾക്ക് സ്വസ്ഥമായി വസിക്കാൻ ഏറ്റവും പറ്റിയ ഇടമാണ് ചെമ്പ്ര മല. ചെമ്പ്ര മലയോടു ചേർന്ന വെള്ളരി മല തുരന്ന് കൂറ്റൻ തുരങ്കം നിർമിക്കാൻ പോകുമ്പോൾ എന്താകും ബാണാസുര ചിലപ്പൻ കിളികളുടെ അവസ്ഥയെന്ന് പലർക്കും ആശങ്കയുണ്ട്. പദ്ധതിക്ക് അനുമതി നൽകിയ പരിസ്ഥിതി ആഘാത സമിതി പോലും ചിലപ്പനെ സംരക്ഷിക്കണമെന്ന് റിപ്പോർട്ടിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. പേര് ചിലപ്പൻ എന്നാണെങ്കിലും ശബ്ദകോലാഹലങ്ങളോട് യാതൊരു താൽപര്യവുമില്ലാത്ത കൂട്ടരാണ് ബാണാസുര ചിലപ്പൻ കിളികൾ. 2022ൽ വനംവകുപ്പും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും ചേർന്നു നടത്തിയ പക്ഷി സർവേയിൽ ചെമ്പ്ര, വെള്ളരിമല, ബാണാസുരമല എന്നിവിടങ്ങളിൽ ഈ പക്ഷിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സമുദ്രനിരപ്പിൽനിന്ന് 1800 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചോലവനങ്ങളിലാണു സാധാരണയായി ഈ പക്ഷികള്‍ കാണപ്പെടുന്നത്. ചെമ്പ്രമല, വെള്ളരി മല എന്നിവ ഉൾപ്പെടുന്ന ക്യാമൽ ഹംപ് മലനിരകളിലാണ് ബാണാസുര ചിലപ്പൻ കിളികൾ ഏറ്റവും കൂടുതലുള്ളത്.