‘രഹസ്യ ഖജനാവുണ്ട്’, ബിരുദമില്ല; തുർക്കിയിൽ പ്രതിപക്ഷത്തോട് പ്രസിഡന്റിന്റെ പ്രതികാരം; എന്താണ് ലോകം മിണ്ടാത്തത്?

Mail This Article
വര്‍ഷം 1997 അന്ന് ഇസ്തംബുള്‍ മേയറായിരുന്നു ഇന്നത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാന്‍. പ്രതിപക്ഷമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അംഗമായിരുന്ന എർദൊഗാന്‍ ആ വർഷം ഡിസംബര്‍ 6ന് സിര്‍ത് നഗരത്തില്‍ നടത്തിയ പ്രസംഗത്തിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഒരു കവിത ചൊല്ലി. ഓട്ടമന്‍ തുര്‍ക്കിഷ് കവിയും ബുദ്ധിജീവിയുമായ സിയ ഗോകല്‍പിന്റെ കവിതയിലെ ചില വരികള്‍ പക്ഷേ ഭരണകൂടത്തിനു രസിച്ചില്ല. അവർ എർദൊഗാനെ നോട്ടമിട്ടു. മദര്‍ലാന്‍ഡ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സഖ്യസര്‍ക്കാരായിരുന്നു തുര്‍ക്കിയുടെ തലപ്പത്ത്. മെസൂദ് യെല്‍മാസ് പ്രധാനമന്ത്രിയും. ഭരണകൂടം ബൗദ്ധിക സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നില്ലെന്നും മതവിദ്വേഷം കാണിക്കുന്നു എന്നുമായിരുന്നു എർദൊഗാന്റെ വിമര്‍ശനം. എന്നാല്‍ തുര്‍ക്കിയുടെ മതനിരപേക്ഷതയെ ലംഘിച്ച്, വിദ്വേഷം പടര്‍ത്തിയെന്ന കുറ്റം ചുമത്തി 1999ല്‍ എർദൊഗാന് കോടതി നാലുമാസം തടവു വിധിച്ചു. അൽപകാലം തടവറയിലായെങ്കിലും അതോടെ എർദൊഗാന്റെ തലവര മാറുകയായിരുന്നു. ജനപ്രീതി കുത്തനെ ഉയര്‍ന്നു. 2001ല്‍ വെല്‍ഫയര്‍ പാര്‍ട്ടി വിട്ട എർദൊഗാന്‍ ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്റ് പാര്‍ട്ടി (എകെപി) രൂപീകരിക്കുകയും 2002ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. വിലക്ക് നീങ്ങിയതിനു പിന്നാലെ 2003ല്‍ എർദൊഗാന്‍ പാര്‍ലമെന്റംഗവും പിന്നീട് പ്രധാനമന്ത്രിയുമായി.