പല പാളികളായി മുറിഞ്ഞ് ഇന്ത്യൻ പ്ലേറ്റ്: ഉരുകുന്ന മാന്റിലിലേക്ക് താഴാം, ഹിമാലയൻ ഭൂകമ്പങ്ങളും കൂടും; ‘ഇടിച്ചുകയറുമോ’ ആഫ്രിക്ക?

Mail This Article
ഭൂമിശാസ്ത്ര വിദഗ്ധരെ സംബന്ധിച്ചിടത്തോളം പ്ലേറ്റ് ടെക്റ്റോണിക്സുമായി ബന്ധപ്പെട്ടു നിലവിൽ ഭൂമിയിൽ നടക്കുന്ന സംഭവബഹുലവും വിസ്മയകരവുമായ കാര്യമാണ് ഇന്ത്യൻ പ്ലേറ്റിന്റെ യൂറേഷ്യൻ പ്ലേറ്റിലേക്കുള്ള ഇടിച്ചു കയറ്റം. അനുദിനം കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണിത്. പ്രതിവർഷം അഞ്ചു സെന്റിമീറ്ററിലേറെ ഈ തള്ളിക്കയറ്റം തുടരുന്നു.അതിന്റെ അനന്തര ഫലമായി ഹിമാലയസാനുക്കൾ കൂടുതൽ ഉയരം കൈവരിക്കുന്നു. ഇതിന്റെയെല്ലാം അനുബന്ധമായി ഭൂമികുലുക്കങ്ങളും മറ്റുമായി മറ്റൊരു മേളം. എന്നാൽ കാര്യങ്ങൾ ഇവിടംകൊണ്ടും തീരില്ല എന്നതാണു പുതിയ പഠനങ്ങൾ നൽകുന്ന സൂചനകൾ. വളരെ വിരളമായി മാത്രം സംഭവിക്കാറുള്ള ഡീലാമിനേഷൻ (Delamination) എന്ന പ്രക്രിയയിലൂടെ ഇന്ത്യൻ പ്ലേറ്റ് കടന്നു പോകുകയാണത്രേ. പല പാളികളായുള്ള ഒന്നിന്റെ പാളികൾ വേർപിരിഞ്ഞു മാറുന്നതിനെയാണ് ഡീലാമിനേഷൻ എന്നു വിളിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് ഇന്ത്യൻ പ്ലേറ്റ് രണ്ടു പാളികളായി പിരിയുന്നു. വരുന്ന കാലങ്ങൾ ഇന്ത്യൻ പ്ലേറ്റിനും അതിലെ ജീവജാലങ്ങൾക്കുമെല്ലാം ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളുടേതാകാം എന്നു ചുരുക്കം. അതിലേക്ക് പോകും മുൻപേ ഇന്ത്യൻ പ്ലേറ്റ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതിന്റെ ചരിത്രത്തെക്കുറിച്ച്.