‘അരക്കില്ലം’ അതിജീവിച്ച് പ്രദീപ് എത്തുന്നു ; പിണറായി പരിഗണിച്ചത് ‘പരിചയം’ ! ‘നടക്കാവ് സ്കൂൾ ’ ഇനി ‘സിഎംഓ’യ്ക്കും മാതൃക

Mail This Article
ചിത്രകാരനാണ് മുൻ എംഎൽഎ പ്രദീപ് കുമാർ. അതിലേറെ ജനകീയനായ രാഷ്ട്രീയക്കാരനാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന പുതിയ പാർട്ടി നിയോഗമെത്തുമ്പോൾ കലാകാരന്റെ സൗമ്യതയും രാഷ്ട്രീയക്കാരന്റെ കാർക്കശ്യവും സെക്രട്ടേറിയറ്റിൽ മാറ്റുരയ്ക്കപ്പെടും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരിൽ രാഷ്ട്രീയ നിയമനം ലഭിച്ചവരിൽ രണ്ടുപേരും അദ്ദേഹത്തിന്റെ വിശ്വസ്തരായിരുന്നു; എം.വി.ജയരാജനും, കെ.കെ.രാഗേഷും. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായ ഘട്ടത്തിൽ വിവാദങ്ങളില്ലാതെ ഓഫിസിനെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രദീപിനു മുന്നിലുള്ളത്. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ‘അരക്കില്ലം’ പ്രയോഗത്തെ അതീജീവിച്ചാണ് സുപ്രധാന പദവിയിലേക്ക് പ്രദീപ് കുമാറെത്തുന്നത്. രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പ് തോൽവി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങുമ്പോൾ അതിലൊരു ചതിയുടെ കഥയുണ്ടെന്നായിരുന്നു പാർട്ടിയിലെ തന്നെ പ്രചാരണം. മത്സരത്തിന് പ്രദീപിന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, എം.കെ. രാഘവന്റെ ജനകീയതയോട് കിടപിടിക്കാൻ പ്രദീപ് കുമാറിന്റെ ജനകീയമുഖത്തിനു കഴിയുമെന്നായിരുന്നു പാർട്ടി വാദം. ചില രാഷ്ട്രീയ കണക്കുകൂട്ടലുകൾ പ്രദീപിനെ അനുകൂലിക്കുന്നവരുടെ മുന്നിലുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനം, പുനസംഘടനയില്‍ മന്ത്രിസഭയിലേക്കുള്ള വരവ്. ജയിച്ചാലും തോറ്റാലും അതിന്റെ പേരിൽ സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്താം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം തനിക്കു വോട്ടുമറിച്ചെന്ന വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർഥി കെ. പ്രകാശ്‌ബാബു രംഗത്തെത്തിയത് വിവാദങ്ങൾക്ക് ആക്കം കൂട്ടി.