‘ഉക്രുൽ’ ഉദ്യാനത്തിൽ മെയ്തെയ്കളും കുക്കികളും ഒന്നിക്കും ! ഫുട്ബോൾ തോറ്റിടത്ത് ലില്ലിപ്പൂക്കൾ ജയിക്കുമോ ? പിന്നിൽ ഈ മലയാളി ഓഫിസർ

Mail This Article
മണിപ്പുർ കുന്നുകളിലെ പുൽമേടുകളിൽ വളരുന്ന പൂവാണ് സിറോയ് ലില്ലി. മേയ് അവസാനം പൂക്കുന്ന ലില്ലി പൂക്കൾ മണിപ്പുരിന്റെ സംസ്ഥാന പുഷ്പം കൂടിയാണ്. മണിപ്പുർ കലാപത്തിന്റെ മഞ്ഞുരുക്കത്തിന് സിറോയ് പൂക്കളുടെ ഉത്സവം വേദിയാകുമോ എന്നു കാത്തിരിക്കുകയാണ് സംസ്ഥാനത്ത് സമാധാനം ആഗ്രഹിക്കുന്നവർ. രണ്ടു വർഷം പിന്നിട്ട മണിപ്പുർ വംശീയ കലാപത്തിൽ ആദ്യമായി മെയ്തെയ് വിഭാഗക്കാരും കുക്കി ഗോത്രങ്ങളും ഒരേ വേദിയിൽ എത്തുന്നത് സിറോയ് ലില്ലി ഫെസ്റ്റിവലിൽ ആണ്. നാഗാ ഭൂരിപക്ഷ ജില്ലയായ ഉക്രുലിൽ ആണ് സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം ആഘോഷം കൂടിയായ സിറോയ് ലില്ലി ഫെസ്റ്റിവൽ. നാളെ (20) മുതൽ 24 വരെയാണ് ഉത്സവം. 2023 മേയ് 3നായിരുന്നു മണിപ്പുർ കലാപത്തിന്റെ ആരംഭം. 270ൽ പരം പേർ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്ത കലാപം രാജ്യത്തെ ഏറ്റവും ദീർഘമേറിയ കലാപമായി ഇന്നും തുടരുന്നു. കലാപം ആരംഭിച്ചതോടെ മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ ഇംഫാൽ താഴ് വരയിൽനിന്നു കുക്കി ഗോത്രങ്ങൾ പലായനം ചെയ്തു. കുക്കി വംശജനായ ഡിജിപിയും മുതിർന്ന ഉദ്യോഗസ്ഥരും എംഎൽഎമാരും വരെ ഇങ്ങനെ നാടുവിട്ടു.