അട്ടിമറി ഭയന്ന് അസാധാരണ നീക്കം? ഫീൽഡ് മാർഷലിനു മായ്ക്കാനാകുമോ പാക്ക് നാണക്കേട്? അയൂബിനു ശേഷം ഇനി അസിം മുനീർ

Mail This Article
പാക്ക് ചാരസംഘടനയായ ഇന്റർ–സർവീസസ് ഇന്റലിജന്സിന്റെ (ഐഎസ്ഐ) തലപ്പത്ത് ഏറ്റവും കുറവു കാലം ഇരുന്ന വ്യക്തി. അത്തരമൊരു നാണക്കേടിന്റെ ചരിത്രമുണ്ട്, ഇപ്പോൾ ഫീൽഡ് മാർഷലായി ഉയർത്തപ്പെട്ട ജനറൽ അസിം മുനീറിന്. ഐഎസ്ഐ തലപ്പത്തേക്ക് മുനീറിനെ നിയമിക്കുന്നത് 2018ൽ പ്രധാനമന്ത്രിയായിരിക്കെ ഇമ്രാൻ ഖാനാണ്. എന്നാൽ ഒൻപതു മാസത്തിനിപ്പുറം ഇതേ ഇമ്രാൻ ഖാൻതന്നെ ഇയാളെ പുറത്താക്കി. ഇമ്രാന്റെ ഭാര്യ ബുഷ്റ ബീവിയുടെ പേരിലുള്ള അഴിമതിക്കേസിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിനായിരുന്നു ഇത്. പുറത്താക്കപ്പെട്ട മുനീർ അണിയറയിൽ കരുക്കൾ നീക്കുകയായിരുന്നു. അത് ലക്ഷ്യം കണ്ടത് 2022 ഏപ്രിലിൽ. സൈന്യത്തിന്റെ പിന്തുണയോടെ നടന്ന വമ്പൻ അട്ടിമറിയിൽ ഇമ്രാന്റെ പ്രധാനമന്ത്രിസ്ഥാനം തെറിച്ചു. ആ വർഷം നവംബറിൽ മുനീർ കരസേന മേധാവിയായി. അധികം വൈകാതെ ഇമ്രാൻ ജയിലിലുമായി. നിലവിൽ 14 വർഷത്തെ ജയിൽ ശിഷ അനുഭവിക്കുകയാണ് ഇമ്രാൻ. ഭാര്യ ബുഷ്റയും അഴിമതിക്കേസിൽ ശിക്ഷ അനുഭവിക്കുകയാണ്. 2019ൽ പുൽവാമയിൽ ഭീകരാക്രമണം നടക്കുമ്പോൾ ഐഎസ്ഐ തലപ്പത്ത് മുനീറായിരുന്നു. വർഷങ്ങൾക്കിപ്പുറം പഹൽഗാം ഭീകരാക്രമണം നടക്കുമ്പോൾ പാക്ക് കരസേന മേധാവിയും മുനീറാണ്. ഇതിനെ സ്വഭാവികമെന്നു പറഞ്ഞ് തള്ളിക്കളയാൻ ഇന്ത്യ ഒരുക്കമല്ല. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനേറ്റ നാണക്കേടിനിടയിലാണ് ഫീൽഡ് മാർഷൽ പദവിയിലേക്ക് മുനീർ എത്തിയിരിക്കുന്നത്. പട്ടാളത്തിനു സംഭവിച്ച നാണക്കേട് മറയ്ക്കാനുള്ള പാക്ക് തന്ത്രമായി ഇതിനെ കണക്കാക്കുന്നവരും ഏറെ. സൈന്യത്തിലും പാക്ക് സുപ്രീംകോടതിയിലും വരെ തന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന വിധം നിയമനിർമാണങ്ങളിൽ വരെ ഇടപെട്ടാണ് മുനീറിന്റെ ‘ഭരണം’. 2027 വരെ തനിക്ക് കാലാവധി ‘സ്വയം നീട്ടിയുള്ള’ നിയമനിർമാണവും ഇതിനിടെ ഇയാൾ നടത്തിയിരുന്നു. പാക്കിസ്ഥാനിലെ സൈനിക– രാഷ്ട്രീയ– നിയമ മേഖലയിൽ മാത്രമല്ല, പാക്ക് സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനുള്ള ശ്രമങ്ങളിലും ഇയാൾ പങ്കാളിയാണ്. എന്നാൽ അതിനിടെ ബലൂചിസ്ഥാനിൽനിന്നുൾപ്പെടെ വിമതരുടെ ആക്രമണവും ട്രെയിൻ തട്ടിയെടുക്കലും ഉൾപ്പെടെയുള്ള നാണക്കേട് വേറെയും.