പടരുമോ എണ്ണപ്പാട? അന്ന് എന്നൂരിൽ സംഭവിച്ചത് മറക്കരുത്; കപ്പൽ അപകടം കേരളത്തിനുള്ള മുന്നറിയിപ്പ്

Mail This Article
രാജ്യത്തെ 2 പ്രധാന തുറമുഖങ്ങളായ കൊച്ചിയും വിഴിഞ്ഞവും വീണ്ടും വാർത്തകളിലേക്കെത്തുന്നു. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ലൈബീരിൻ ചരക്കുകപ്പലായ എംഎസ്‍സി എൽസ കൊച്ചി പുറങ്കടലിൽ അപകടത്തിൽപെട്ടത്. കണ്ടെയ്നറുകളുമായി ചരിഞ്ഞ കപ്പൽ പിന്നീട് മുഴുവനായി മുങ്ങി. കപ്പൽ ജീവനക്കാരയ 24 പേരെയും തീരസേനയുടെയും നാവികസേനയുടെ മറ്റൊരു ചരക്കുകപ്പലിന്റെയും പ്രയത്നത്തിൽ രക്ഷിക്കാനായത് നേട്ടമായി. കൊച്ചിക്കൊപ്പം വിഴിഞ്ഞം തുറമുഖവും സജീവമായതോടെ കൂടുതൽ സമുദ്ര–പാരിസ്ഥിതിക സുരക്ഷ ആവശ്യപ്പെടുന്നുണ്ട്. രാജ്യാന്തര നിലവാരം അനുസരിച്ച് നിയന്ത്രണവിധേയമായ ചെറിയ ചോർച്ചകൾ മാത്രമാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ മറ്റിടങ്ങളിലുണ്ടായ ചില അപകടങ്ങളുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. മൺസൂൺ കേരളത്തിൽ അതിശക്തമായി പ്രവേശിച്ച ദിവസംതന്നെ (24–05) കേരള തീരത്ത് ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടതിനു പിന്നിൽ സമുദ്രകാലാവസ്ഥയുടെ പങ്ക് എന്താണെന്നു വ്യക്തമല്ല. 46 വർഷം മുമ്പ് ഇതുപോലൊരു മൺസൂൺകാലത്താണ് (ജൂലൈ) കേരള ഷിപ്പിങ് കോർപ്പറേഷൻ വക കൈരളി എന്ന ചരക്കുകപ്പൽ ഗോവയ്ക്കടുത്ത് കടലിൽ മുങ്ങി അപ്രത്യക്ഷമായത്.