ശുഭാംശുവിന്റെ ജീവിതം മാറ്റിമറിച്ചത് ആ ‘ഫോം’; വെറുതെയല്ല ഇന്ത്യ 550 കോടി മുടക്കിയത്; മോദിക്കല്ല, ആ റെക്കോർഡ് ഇന്ദിരയ്ക്ക് സ്വന്തം

Mail This Article
‘നമസ്തേ, ഞാൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ്.’ രാജ്യാന്തര ബഹിരാകാശ നിലയത്തിലേയ്ക്കുള്ള തന്റെ ചരിത്ര യാത്രയ്ക്ക് മുന്നോടിയായി സ്വയം പരിചയപ്പെടുത്തുമ്പോൾ ആ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥന്റെ മുഖം അഭിമാനത്താൽ പ്രകാശിതമായിരുന്നു. 15 വർഷമായി പോർവിമാന പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ശുഭാംശു ശുക്ല ബഹിരാകാശവും കീഴടക്കാനൊരുങ്ങുമ്പോൾ അഭിമാനക്കൊടുമുടിയേറുന്നത് ഇന്ത്യയും. ആക്സിയോം-4 (ആക്സ്-4) ദൗത്യത്തിലൂടെ രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികൻ കൂടിയാണ് ശുഭാംശു. നാലു പതിറ്റാണ്ടിനു ശേഷമാണ് വീണ്ടുമൊരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്രയിലൂടെ ചരിത്രംകുറിക്കാൻ പോകുന്നത്. വലിയൊരു സ്വപ്നദൗത്യവുമായി ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് തിരിക്കുമ്പോൾ ഇന്ത്യൻ വ്യോമസേനയ്ക്കും ഐഎസ്ആർഒയ്ക്കും ഒപ്പം 140 കോടി ഇന്ത്യയ്ക്കാർക്കും ഇത് വൻ പ്രതീക്ഷകളുടെ യാത്ര കൂടിയാണ്, ഒപ്പം ശാസ്ത്ര ലോകത്തിനും. ‘2024 എനിക്ക് വലിയൊരു മാറ്റത്തിന്റെ വർഷമായിരുന്നു, ആ ആവേശം വിവരിക്കാൻ വാക്കുകളില്ല. ഇതുവരെയുള്ള യാത്ര അദ്ഭുതകരമായിരുന്നു, പക്ഷേ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഞാൻ ബഹിരാകാശത്തേയ്ക്ക് പോകുമ്പോൾ സാങ്കേതിക ഉപകരണങ്ങൾ മാത്രമല്ല, കോടിക്കണക്കിന് ഹൃദയങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഒപ്പം വഹിക്കുന്നത്. ശരിക്കു പറഞ്ഞാൽ ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള ഒരു പാലമായി ഞാൻ എന്നെത്തന്നെ കാണുന്നു. ദൗത്യ വിജയത്തിനായി എല്ലാവരും പ്രാർഥിക്കണം,’ എന്നാണ് യാത്രയ്ക്കു മുന്നോടിയായി ശുഭാംശു പറഞ്ഞത്. എന്താണ് ആക്സിയോം–4 (ആക്സ്-4) ദൗത്യം?