ഞെട്ടിക്കുന്നൊരു കണക്കു കേൾക്കുക. 2021ൽ 1,64,033 പേർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. ഇതിൽ 34.5% പേർ 18–30 വയസ്സുകാർ. 13,039 വിദ്യാർഥികൾ. സ്ഥിതിവിവരക്കണക്കിലെ കിറുകൃത്യത നിൽക്കട്ടെ. ആണ്ടിൽ ഒന്നര ലക്ഷത്തോളം ജനങ്ങൾ ജീവിതം മടുത്ത് ജീവനൊടുക്കുക. അതിൽ മൂന്നിലൊന്ന് തീരെ ചെറുപ്പക്കാരാകുക എന്നത് നിസ്സാരമല്ല. ആത്മഹത്യയ്ക്കു ശ്രമിച്ചു പരാജയപ്പെട്ടവർ, ആഗ്രഹമുണ്ടെങ്കിലും ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തവർ എന്നിവരെക്കൂടെ കണക്കാക്കിയാൽ, ഒരു ലക്ഷത്തിൽ 15 പേരെങ്കിലും ജീവിതം തീരെ മടുത്തവരാണെന്നു കാണാം.

നിയന്ത്രിക്കാനാവാത്ത സാമൂഹികസമ്മർദ്ദം കാരണം, രക്ഷപ്പെടാനാവാത്ത കുരുക്കുകളിൽ കുടുങ്ങിപ്പോകുന്നവരുണ്ട്. പക്ഷേ അത്തരക്കാർ മാത്രമല്ല കൊടിയ നിരാശയിൽപെട്ട് കടുംകൈ കാട്ടുന്നത്. കൗമാരത്തിലും യൗവനത്തിലും പലരെയും പിടികൂടുന്ന ശീലം, അനാവശ്യമായി മറ്റുള്ളവരുമായി തന്നെ താരതമ്യപ്പെടുത്തുന്നതാണ്. അസാധാരണ ബുദ്ധിശക്തിയും സാമർഥ്യവും ഉള്ളവർ ഏതു സമൂഹത്തിലും കാണും. ശരാശരിക്കാരൻ അതിസമർഥരെ കടത്തിവെട്ടിയേ മതിയാകൂ എന്നു വാശി പിടിച്ചാൽ പരാജയപ്പെടാനാണു സാധ്യത. അമിതപ്രതീക്ഷ നൈരാശ്യത്തിലേക്കു നയിക്കും.

ഉന്നതലക്ഷ്യം മുന്നിൽവച്ച് അതു നേടാൻ സ്ഥിരപരിശ്രമം ചെയ്യണമെന്നതു ശരി. പക്ഷേ സാഹചര്യങ്ങളിലെ യാഥാർഥ്യങ്ങളും നാം അംഗീകരിക്കണം. അമ്പിളിമാമനെ എത്തിപ്പിടിക്കാൻ മൂന്നുവയസ്സുകാരൻ ശ്രമിക്കുന്നതു സ്വാഭാവികം. പക്ഷേ കൗമാരത്തിലെത്തിയവർ അങ്ങനെ ശ്രമിക്കേണ്ടതുണ്ടോ?

Ulkazhcha Column – How to stay positive when you are fed up
Representative Image. Photo Credit : FMNG / iStockphoto.com

കുഞ്ഞുമനസ്സുകളിൽ അന്യരെ മത്സരിച്ചു തോൽപിക്കാനുള്ള വാശി വളർത്തുന്ന രക്ഷിതാക്കളുണ്ട്. നഴ്സറി സ്കൂളിലും പ്രൈമറി ക്ലാസിലും പഠിക്കുന്ന കുഞ്ഞുങ്ങളുടെ റാങ്കിന് പ്രാധാന്യം നൽകുന്നവർ. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളിൽ മറ്റുള്ളവരെ എങ്ങനെയും പിൻതള്ളണമെന്ന ചിന്ത വളർത്തുന്നത്, ഭാവിയിൽ അവരെ നൈരാശ്യത്തിന്റെ നീർച്ചുഴിയിലേക്കു തള്ളിയേക്കാം. അനാരോഗ്യകരമായ ഈ ദുഷ്പ്രവണത ഇന്നു വ്യാപകമാണ്. ഒരുപക്ഷേ എൻട്രൻസ് പരീക്ഷാസമ്പ്രദായം ഈ പ്രവണതയ്ക്കു വളം വയ്ക്കുന്നുണ്ടാവാം.

ഡോക്ടറാകണമെന്നും മറ്റും നിർബന്ധിച്ച് കുട്ടികളിൽ താങ്ങാനാവാത്ത പഠനഭാരം അടിച്ചേൽപിക്കുന്ന രക്ഷിതാക്കളുണ്ട്. രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്ത് പേരു കേട്ട ധാരാളം എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളുണ്ട്. അവരുടെ വഴിയിൽ താൽപര്യമില്ലാത്ത ടീനേജുകാർ അവിടെ താമസിച്ച് പഠിക്കാൻ നിർബന്ധിതരായി, പഠനഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളേറെ. കുട്ടിയുടെ അഭിരുചി കൂടി പരിഗണിച്ച് പഠനമാർഗം നിശ്ചയിക്കുന്നതിനു പകരം, സ്വന്തം മോഹങ്ങൾ സാക്ഷാൽക്കരിക്കാൻ കുട്ടികളെ കരുവാക്കുന്ന മുതിർന്നവർ പ്രവർത്തിക്കുന്നത് കാരുണ്യത്തോടെയല്ല. 

സോഷ്യൽ മീഡിയയോടുള്ള അമിതാസക്തി അനാവശ്യ താരതമ്യത്തിലേക്കു പലരെയും നയിക്കാറുണ്ട്. സ്വന്തം നേട്ടങ്ങൾ പർവതീകരിച്ച് പെരുമ്പറയടിക്കുന്നവരുടെ കുറിപ്പുകൾ കണ്ട്, അതെല്ലാം സത്യമെന്നു കണ്ണടച്ചു വിശ്വസിച്ച്, സ്വന്തം ആത്മവിശ്വാസം തകർക്കുന്നത് സാധാരണം. ഞാൻ മോശക്കാരനാണെന്നും മറ്റുള്ളവർ എത്തിയ ഉന്നതസ്ഥാനങ്ങൾ എനിക്ക് അപ്രാപ്യമെന്നും ഉള്ള വിചാരം വരുന്നതോടെ ജീവിതം മടുക്കാൻ തുടങ്ങും. അന്യരുടെ വീരവാദങ്ങൾ നാമെന്തിനു വെട്ടിവിഴുങ്ങണം? ബഡായിക്കാരെ തീർത്തും അവഗണിക്കുന്നതാണ് നേർവഴി.

Ulkazhcha Column – How to stay positive when you are fed up
Representative Image. Photo Credit : SIphotography / iStockphoto.com

നമ്മുടെ ലക്ഷ്യം നേടാൻ സ്ഥിരപരിശ്രമം ചെയ്യുകതന്നെ വേണം. പക്ഷേ ചെറിയ തിരിച്ചടി വന്നാലുടൻ പരിശ്രമം ഉപേക്ഷിച്ച്, ഞാൻ വിജയിക്കില്ലെന്നു കരുതിക്കൂടാ. മഹാന്മാരുടെ ജീവിതകഥകൾ പഠിച്ചുനോക്കുക. തടസ്സങ്ങളെ ആത്മവിശ്വാത്തോടെ നേരിട്ട് പരാജയപ്പെടുത്തിയവരാണ് മഹാവിജയങ്ങൾ കൈവരിച്ചിട്ടുള്ളത്.

എന്തെല്ലാം ന്യായവാദങ്ങൾ പറഞ്ഞാലും, വേണ്ടത്ര പക്വതയും വിവേകവും ഇല്ലാത്തപ്പോഴാണ് മനുഷ്യർ ആത്മഹത്യയിലേക്കു നീങ്ങുന്നത്. പാവനമായ മനുഷ്യജീവിതം കീറച്ചാക്കുപോലെ വലിച്ചെറിയാനുള്ളതല്ല. ‘സുഖമൊരു ദുഃഖം കൂടാതേകണ്ടൊരുവനുമില്ല’ എന്നതിൽ സത്യമേറെയുണ്ട്. ചിട്ടയും അച്ചടക്കവുമില്ലാത്തവരുടെ ദുരുപദേശത്തിനു വഴങ്ങാതിരിക്കുക, പക്വത പകരുന്ന സദ്ഗ്രന്ഥങ്ങൾവഴി മഹാന്മാരുടെ മനസ്സുമായി സമ്പർക്കത്തിലെത്താൻ ശ്രമിക്കുക എന്നിവ ആരോഗ്യകരമാണ്. വാട്സാപ്പിലും ഫ‌െയ്സ്ബുക്കിലും മറ്റും വിവേകശൂന്യർ എഴ‌ുതിവിടുന്നതൊന്നും നമ്മെ സ്വാധീനിക്കാൻ അനുവദിച്ചുകൂടാ.

പരീക്ഷയിൽ തോൽക്കുക, വിശ്വസിച്ചവർ ചതിക്കുക, ബിസിനസ് പൊളിയുക, ജീവിതപങ്കാളി വഞ്ചിക്കുക, അനിയന്ത്രിതമായി പണം ദുർവ്യയം ചെയ്ത് കടത്തിൽ കുടുങ്ങുക, പ്രതീക്ഷകൾ നടക്കാതെവരുക തുടങ്ങി പലതും ജീവനൊടുക്കാൻ ഇടയാകാറുണ്ട്. പക്ഷേ സാഹചര്യങ്ങളെ പക്വതയോടെ നേരിടാൻ ശ്രമിക്കുകയാണു വേണ്ടത്. ആർക്കും ബലഹീനതകളുണ്ട്, ഒരു കാര്യവും നൂറു ശതമാനം പൂർണതയോടെ ചെയ്യുക അസാധ്യം എന്ന വസ്തുത അംഗീകരിക്കേണ്ടതുണ്ട്. 

ഏറെയൊന്നും പ്രതീക്ഷിക്കാത്തവർക്കുപോലും ഇച്ഛാഭംഗം സാധാരണം. പക്ഷേ അത് നമ്മെ കീഴടക്കാൻ അനുവദിക്കാതിരിക്കുന്നതാണ് വിവേകത്തിന്റെ വഴി. ചെറിയ ഇച്ഛാഭംഗം പോലും വരാതെ കുട്ടികളെ വളർത്താൻ ശ്രമിക്കുന്നവർ അവരെ പിൽക്കാലത്തു വലിയ ഇച്ഛാഭംഗത്തിലേക്കു നയിച്ചേക്കാം.

English Summary : Ulkazhcha Column – How to Stay Positive When You are Fed Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com