പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് എതിരായി അപ്രതീക്ഷിത സ്ഥാനാർഥി വരുമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞപ്പോൾ പ്രതീക്ഷിക്കാത്ത ആരോ ആണു വരുന്നതെന്നു ജനം കരുതിപ്പോയത് അവരുടെ വിവരക്കേടല്ലാതെ മറ്റൊന്നുമല്ല. സ്ഥാനാർഥിക്കു തീർത്തും അപ്രതീക്ഷിതം ആയിരിക്കുമെന്നേ വാസവൻ ഉദ്ദേശിച്ചുള്ളൂ. അതുതന്നെ സംഭവിച്ചതിനാൽ വാസവന്റെയും പാർട്ടിയുടെയും വിശ്വാസ്യത കൂടിയതേയുള്ളൂ താനും. താൻ തന്നെയായിരിക്കും ഇത്തവണയും എന്ന് ജെയ്ക് സി.തോമസ് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ലെന്നു പറയുന്നു. തങ്ങളുടെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസിൽ നിന്നൊരാളെ അടക്കം ചിലരെ വീശിപ്പിടിക്കാൻ സിപിഎം രണ്ടുദിവസം വലയിട്ടു കാത്തിരുന്നതു പൊളിഞ്ഞുപോവുകയായിരുന്നു എന്നൊരു കരക്കമ്പി കേട്ടിരുന്നു. വഴിയിലെങ്ങാനും കണ്ടാൽ പിടിച്ചു സ്ഥാനാർഥിയാക്കിയേക്കുമെന്നു ഭയന്നു നാടുവിട്ടവരും ഒളിവിൽ പോയവരും വരെയുണ്ടത്രേ.
HIGHLIGHTS
- ‘പുതുപ്പള്ളിക്ക് ഒരു പുണ്യാളനേ ഉള്ളൂവെന്നും അതു വിശുദ്ധ ഗീവർഗീസ് സഹദായാണെ’ന്നുമുള്ള കടുത്ത പദപ്രയോഗങ്ങൾ പിഴയില്ലാതെ പറഞ്ഞതിലൂടെ പരീക്ഷണത്തിന്റെ ആദ്യഘട്ടം ജെയ്ക് കടന്നുകൂടിയിട്ടുണ്ട്. ‘പുണ്യാളൻ ഒരു മിത്തല്ല’ എന്ന തിരിച്ചറിവുതന്നെ ഈ പരീക്ഷണത്തിൽ ജെയ്ക്കിനു കിട്ടുന്ന അനുഗ്രഹമായിക്കൂടായ്കയില്ല.