‘ഇന്ത്യ വിദേശത്തേക്കുള്ള അരി കയറ്റുമതി നിരോധിക്കുന്നു’. കേട്ടപാതി കേൾക്കാത്ത പാതി, പ്രവാസി ഇന്ത്യക്കാരിൽ പലരും സൂപ്പർ മാർക്കറ്റുകളിലേക്ക് ഇടിച്ചു കയറി. ഷെൽഫുകളിൽനിന്ന് ട്രോളികളിലേക്ക് അരിച്ചാക്കുകൾ നിറഞ്ഞുകൊണ്ടേയിരുന്നു. ചില സൂപ്പർമാർക്കറ്റുകള്‍ അവിടെനിന്ന് വാങ്ങാവുന്ന അരിക്ക് ‘റേഷൻ’ ഏർപ്പെടുത്തി. ബസുമതി ഒഴികെയുള്ള അരികൾ വാങ്ങിക്കൂട്ടാൻ കടകളുടെ പുറത്തേക്ക് നിരകൾ നീണ്ടു. നിശ്ചിത അളവ് അരി മാത്രമേ നൽകാനാവൂ എന്ന നോട്ടിസുകൾ പതിയെപ്പതിയെ എല്ലാ വില്‍പനശാലകളിലും പതിഞ്ഞു. അരിക്ക് ആവശ്യക്കാർ കൂടിയതോടെ വിലയും കുത്തനെ ഉയർന്നു. എന്നാൽ ഈ അരിനിരോധന വാർത്ത കേട്ടു ഞെട്ടിയത് ഇന്ത്യക്കാർ മാത്രമല്ല. അരി കയറ്റുമതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ഇനി അരി കയറ്റി അയയ്ക്കുന്നില്ല എന്നത് രാജ്യാന്തര വിപണിയെത്തന്നെ പിടിച്ചുലച്ചു. ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയെന്ന് പലർക്കും വിശ്വസിക്കാൻ പോലുമായില്ല. കാലാവസ്ഥ വ്യതിയാനം ലോകത്താകമാനം അരിയുടെ ഉൽപാദനം കുറയ്ക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഈ നിരോധന പ്രഖ്യാപനം എന്നതും ആശങ്കയുടെ ആക്കം കൂട്ടി.
HIGHLIGHTS
- ലോകത്ത് അരി കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യം, ഇന്ത്യ, ഒറ്റയടിക്ക് അതു നിരോധിക്കുന്നു. അതോടെ രാജ്യാന്തര പൊതുവിപണിയിൽനിന്ന് അപ്രത്യക്ഷമായത് 2.23 കോടി മെട്രിക് ടൺ അരി. റെക്കോര്‍ഡ് ഉൽപാദനമാണെന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് അരി കയറ്റുമതിക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്? ആർക്കാണ് ഈ നയംകൊണ്ട് നേട്ടമുണ്ടാകുന്നത്?