അഴിമതി തടയും, സർക്കാരിനെ ഇടം വലം നോക്കിയിരിക്കും; നിഴൽ മന്ത്രിസഭ ഇന്ത്യക്ക് സാധ്യമാണോ?
Mail This Article
സ്വാതന്ത്ര്യാനന്തരം ബ്രിട്ടനിൽ നിന്നുള്ള പല ഭരണസമ്പ്രദായങ്ങളും നാം ഭരണഘടനയിൽ സ്വീകരിച്ചു. എന്നാൽ ഒഴിവാക്കിയ ചില കാര്യങ്ങളിൽ ഒന്നായിരുന്നു – ഷാഡോ കാബിനറ്റ് അഥവാ നിഴൽ മന്ത്രിസഭ. പ്രതിപക്ഷ പാർട്ടിയിലെ അംഗങ്ങൾ ചേർന്ന് സമാന്തര മന്ത്രിസഭ സൃഷ്ടിക്കുന്നതിനെയാണ് ഷാഡോ കാബിനറ്റ് എന്നു വിളിക്കുന്നത്. പ്രതിപക്ഷ നേതാവ് തലവനായിട്ടുള്ള ഷാഡോ കാബിനറ്റിൽ വിവിധ വകുപ്പ് മന്ത്രിമാർക്ക് ബദലായി മുതിർന്ന പ്രതിപക്ഷ അംഗങ്ങൾ അണിനിരക്കുകയാണു പതിവ്. കാബിനറ്റിലെ ഓരോ വകുപ്പുകളെയും നിരീക്ഷിക്കാൻ നിഴൽ പ്രതിപക്ഷാംഗമുണ്ടാകും. ഈ മന്ത്രിസഭയ്ക്ക് പ്രത്യേകിച്ചു ഭരണാധികാരമൊന്നുമുണ്ടാകില്ല. അതത് വകുപ്പുകളുടെ പ്രവർത്തനങ്ങൾ ആഴത്തിൽ പഠിക്കാനും നടപടിക്രമങ്ങളെ കൃത്യമായി നിരീക്ഷിച്ചു വിമർശിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നതാണു പ്രയോജനം. ബ്രിട്ടിഷ് പാർലമെന്റിൽ, പ്രതിപക്ഷ നിരയിലെ മുൻബെഞ്ചുകാർ എന്നും ഷാഡോ കാബിനറ്റ് അംഗങ്ങൾ അറിയപ്പെടാറുണ്ട്.