ഭായിമാരും നമ്മളും
Mail This Article
അതിഥിത്തൊഴിലാളികളില്ലാത്ത ഒരു കേരളം ഇനി ഉണ്ടാകുമെന്നു തോന്നുന്നില്ല. അവരില്ലാതെ േകരളത്തിലെ പല തൊഴിൽരംഗങ്ങളെയും നിലനിർത്താൻ കഴിയുമെന്നും തോന്നുന്നില്ല; മഹാദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ. തൊഴിൽശേഷിയുള്ള കേരളീയർക്ക് എന്തു സംഭവിച്ചു എന്ന ചോദ്യത്തിനു സാമൂഹികശാസ്ത്ര വിദഗ്ധർ ഉത്തരം നൽകട്ടെ. അതിഥിത്തൊഴിലാളികളുടെ കൃത്യമായ എണ്ണം ലഭ്യമല്ല. അവർ കുറച്ചു ലക്ഷങ്ങൾ ഉണ്ട് എന്നു സാമാന്യബുദ്ധി പറയുന്നു. മലയാളികളിൽനിന്ന് അവർ തൊഴിൽ അപഹരിച്ചു എന്ന ആരോപണം ഉയരുമെന്നു തോന്നുന്നില്ല. കാരണം, കർഷകരും വ്യാപാരി–വ്യവസായി സമൂഹവും നിർമാണമേഖലയും മറ്റനവധി തൊഴിൽരംഗങ്ങളും മലയാളികളെ തൊഴിലിൽനിന്നു മനഃപൂർവം ഒഴിവാക്കിയിട്ടുള്ളതായി അറിവില്ല. അതിനാൽ കുറച്ചുലക്ഷം മലയാളികളെങ്കിലും ആ രംഗങ്ങളിൽനിന്നു പിന്മാറിയിട്ടുണ്ട് എന്നു വേണം കരുതാൻ; അവരുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും മാറിയിരിക്കാം.