
പൈസയ്ക്കു വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു എന്റെ അച്ഛന്റെ കുട്ടിക്കാലം. അന്നൊക്കെ സ്കൂളിൽ കൊണ്ടുപോകാനുള്ള പത്തു പൈസയ്ക്കുപോലും എല്ലാ കുട്ടികളും വീട്ടിൽ കൃത്യം കണക്കു ബോധിപ്പിക്കണം. സ്കൂളിൽ സ്ഥിരം പിരിവുണ്ടായിരുന്നു. ഒരു ദിവസം സ്റ്റാംപ് വാങ്ങാനാണെങ്കിൽ, അടുത്ത ദിവസം സേവനവാരത്തിനുള്ളത്, വേറൊരു ദിവസം സ്കൂളിൽ കിണർ കുഴിക്കാൻ അങ്ങനെയങ്ങനെ... ഇതു മുതലെടുത്തു കള്ളം പറഞ്ഞു പൈസ വാങ്ങുന്നവരും ഉണ്ടായിരുന്നത്രേ. പണ്ടൊരു വിരുതൻ, സ്കൂളിൽ ലോഗരിതം ടേബിളിന്റെ കാലൊടിഞ്ഞു, അതു നന്നാക്കാൻ പിരിവു വേണമെന്നു പറഞ്ഞ് രക്ഷിതാക്കളെ പറ്റിച്ച കഥ മിക്കവരും കേട്ടിരിക്കുമല്ലോ. ലോഗരിതം ടേബിളിനെക്കുറിച്ചുള്ള അജ്ഞതയാണ് ഇവിടെ നർമത്തിനു കാരണമായത്. സ്കൂളിൽ ലോഗരിതം ടേബിൾ ഉപയോഗിച്ചപ്പോൾ നമ്മൾ അതിന്റെ ഉപയോഗങ്ങളെക്കുറിച്ചു ചിന്തിച്ചുകാണില്ല.