‘ഇന്ത്യ’യിലെ സിപിഎം
Mail This Article
പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിൽ ചേർന്നതോടെ സിപിഎം ഇതാദ്യമായി കോൺഗ്രസ് നേതൃത്വം നൽകുന്ന ഒരു ദേശീയ രാഷ്ട്രീയ മുന്നണിയുടെ ഭാഗമായിരിക്കുന്നു. കോൺഗ്രസിനെ നഖശിഖാന്തം എതിർത്തിരുന്ന, ഇപ്പോഴും കേരളത്തിൽ മുഖ്യശത്രുവായി കണക്കാക്കുന്ന ഒരു പാർട്ടിക്ക് ഇതൊട്ടും എളുപ്പമുള്ള തീരുമാനമായിരുന്നില്ല. പുറമേ എതിർപ്പു ഭാവിക്കുന്നില്ലെങ്കിലും കോൺഗ്രസ് മുന്നണിയിലെ ഒരു സഖ്യ കക്ഷിയാകുക എന്നത് കേരളത്തിലെ സിപിഎമ്മിനു ദഹിക്കുന്നതുമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ വർത്തമാനം പറയാതെ എങ്ങനെ കേരളത്തിൽ സീറ്റും വോട്ടും നേടാൻ കഴിയുമെന്ന ആധി അവർ നേരിടാൻ പോകുകയാണ്. ഓഗസ്റ്റ് നാലു മുതൽ ആറുവരെ ഡൽഹിയിൽ നടന്ന പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിന് ‘സഖ്യ തീരുമാനം’ പാർട്ടി അണികളിൽ ഉണ്ടാക്കാവുന്ന ആശയക്കുഴപ്പം കണ്ടില്ലെന്നു നടിക്കാനായില്ല. സിപിഎമ്മിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകളിൽ നിന്നുള്ള വ്യതിചലനമാണ് ഇതെന്ന അഭിപ്രായം അവിടെ ഉയർന്നു. ‘ഇന്ത്യ’യുടെ മുഴുവൻ പേരായ ‘ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലുസിവ് അലയൻസ്’ എന്നതിലെ ‘അലയൻസ്’ (സഖ്യം) പ്രയോഗമാണ് കേരളത്തിൽ നിന്നടക്കമുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളെ ചൊടിപ്പിച്ചത്. സഖ്യം എന്ന വാക്ക് പേരിൽ കൂട്ടിച്ചേർക്കുന്നതിനോട് എതിർപ്പുണ്ടെന്നു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു വ്യക്തമാക്കേണ്ടി വന്നു.