പിണറായിയുടെ മഹാമനസ്കതയിൽ ‘ലൈൻ’ വലിച്ച് ജെഡിഎസ്; യച്ചൂരി പറഞ്ഞത് ആരുടെ ഗർഭക്കഥ..?
Mail This Article
കർണാടകയിലെ ജനതാദൾ എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ ‘ഗുണ്ടും’ മകൻ കുമാര സ്വാമിയുടെ ‘അമിട്ടും’ വീണു പൊട്ടിയത് കേരളത്തിൽ സിപിഎമ്മിന്റെ നെഞ്ചത്താണ്. കർണാടകയിൽ എൻഡിഎയുടെ ഭാഗമായ ജനതാദൾ എസിനെ എന്തു ചെയ്യാനാണ് സിപിഎം ഭാവം എന്ന ചോദ്യമാണ് രാഷ്ട്രീയ കേരളത്തിലെങ്ങും. കേരളത്തിലെ ഇടതു മുന്നണി സർക്കാരിൽ തുടരാൻ അനുവദിക്കുമോ? അനുവദിച്ചാൽതന്നെ ജനതാദൾ എസ് കുപ്പായം മാറിവരാൻ സിപിഎം ആവശ്യപ്പെടുമോ? ഇതിന്റെ ഉത്തരം തേടുമ്പോഴാണ് അഞ്ച് വർഷം മുൻപ് സിപിഎം സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യവേ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞ ഒരു ഗർഭക്കഥ പലരും ഓർക്കുന്നത്. ആ കഥ പറഞ്ഞതിന്റെ ലക്ഷ്യം മറ്റൊന്നുമായിരുന്നില്ല– ബിജെപിക്കെതിരെ പോരാടുന്നതിന് കോൺഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി സഖ്യത്തിനു തയാറാണോ ഇല്ലയോ എന്നതായിരുന്നു യച്ചൂരിയുടെ ചോദ്യം. പിന്നീട് കണ്ണൂർ പാർട്ടി കോൺഗ്രസിലും ഈ ‘യച്ചൂരി ലൈൻ’ ചർച്ചയായി. എന്നാൽ ‘പിണറായി ലൈൻ’ അതിനെ വെട്ടിവീഴ്ത്തുന്നതാണ് അന്നു കണ്ടത്.