തിരക്കിനിടയിൽ ‘തലപൊക്കി’ സിൽവർലൈൻ ആരാധകർ; കേരളത്തിലെ ട്രെയിൻ ഗതാഗതം ‘കുളമാക്കിയത്’ വന്ദേ ഭാരതോ?

Mail This Article
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ ട്രെയിനുകളിലെ കനത്ത തിരക്കാണ് എവിടെയും ചർച്ചാ വിഷയം. പൂജ അവധിയോടനുബന്ധിച്ചു തിരക്കു കൂടിയതിനാൽ യാത്രക്കാർ പലയിടത്തും തലകറങ്ങി വീണ സംഭവങ്ങൾ വരെയുണ്ടായി. കോച്ചുകളിൽ ശ്വാസംവിടാൻ പോലും കഴിയാത്തത്ര തിരക്കിൽ വിയർത്തുകുളിച്ചു യാത്ര ചെയ്യുന്നവരുടെ കാഴ്ചകളായിരുന്നു എല്ലായിടത്തും. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരാണ് ദുരിതം അനുഭവിക്കുന്നത്. എന്നാൽ തിരക്ക് കുറയ്ക്കാനുള്ള നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണു പരാതി. എന്തുകൊണ്ടാണ് ട്രെയിനുകളിൽ ഇത്ര തിരക്ക്? ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചുകൊണ്ടിരിക്കുകയാണ്. മുൻപ് 4 ജനറൽ കോച്ചുകളുണ്ടായിരുന്ന ചില ട്രെയിനുകളിൽ ഇപ്പോൾ അത് മൂന്നും രണ്ടുമായി കുറഞ്ഞു. എസി കോച്ചുകളാണു ലാഭകരം എന്നുകണ്ട് സ്‌ലീപ്പറും ജനറൽ കോച്ചുകളും കുറയ്ക്കാനുള്ള നയപരമായ തീരുമാനം റെയിൽവേ ബോർഡ് എടുത്തതിൽ പിന്നെയാണ് ജനറൽ, സ്‌ലീപ്പർ കോച്ചുകൾ കുറഞ്ഞത്.