ഉന്നതത്തിലേക്ക് ഉയരാത്ത നമ്മൾ
![article article](https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2023/12/1/article.jpg?w=1120&h=583)
Mail This Article
മകളുടെ പാന്റ്സിന്റെ ഇറക്കം കുറയ്ക്കാനാണ് മൂന്നാലു ദിവസം മുൻപു ഭാവനാബെൻ എന്ന ടെയ്‌ലറുടെ അടുത്തുപോയത്. അഹമ്മദാബാദ് നഗരത്തിലെ റോഡരികിലുള്ള പെട്ടിക്കടയിലിരുന്നാണ് അവരും ഭർത്താവും തയ്ക്കുന്നത്. പൊട്ടിയ കുടുക്ക് തുന്നിപ്പിടിപ്പിക്കൽ, പഴയതും പുതിയതുമായ ഉടുപ്പുകളുടെ അളവുകൾ ശരിയാക്കൽ തുടങ്ങിയ ചെറുകിട തയ്യൽപ്പണികൾ മാത്രമാണ് അവർ ചെയ്യുന്നത്. അത്തരം പണികൾ മാത്രം ചെയ്യുന്ന തുന്നൽക്കാർ ഇവിടെ റോഡരികിലും കുടുസ്സായ ഒറ്റമുറിക്കടകളിലും ഇരുന്ന് തുച്ഛമായ പ്രതിഫലത്തിൽ ജോലിയെടുക്കുന്നതു പതിവാണ്. രണ്ടു വർഷം മുൻപാണ് അവർ ‘സേവാ’ബാങ്കിൽനിന്നു വായ്പയെടുത്ത് ഒറ്റമുറി ഫ്ലാറ്റ് നഗരപ്രാന്തത്തിൽ സ്വന്തമാക്കിയത്. ഭാവനാബെൻ വളരെ ഉത്സാഹത്തിലായിരുന്നു. ഏക മകൻ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കാനഡയിൽ ഉപരിപഠനത്തിനു പോയ വിവരം അതിരറ്റ ആഹ്ലാദത്തോടെയാണ് അവർ പറഞ്ഞത്. അവരുടെ ജീവിതസമ്പാദ്യമായ 30 ലക്ഷം രൂപയും അതിനുവേണ്ടി ചെലവാക്കി. ഓഹരിവിപണിയിലും സ്വർണത്തിലും സൂക്ഷ്മതയോടെ നിക്ഷേപിച്ചാണ് ചെറിയ വരുമാനത്തിൽനിന്ന് അവർ ഈ സമ്പാദ്യമുണ്ടാക്കിയത് എന്നോർക്കണം. ‘സമ്പാദ്യം മുഴുവൻ ചെലവാക്കിയാലും സാരമില്ല, കോഴ്സ് കഴിഞ്ഞാലുടൻ മകന് അവിടെ നല്ല ജോലി കിട്ടും’ എന്ന ആത്മവിശ്വാസത്തിലായിരുന്നു അവർ. എൻജിനീയറിങ് ബിരുദം നേടിയ മകൻ അഹമ്മദാബാദിനടുത്തുള്ള സാനന്ദിലെ പ്ലാന്റിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു.