യുക്തി പ്രയോഗിക്കാൻ മറക്കരുത്
Mail This Article
റോഡുവക്കിലെ വീട്ടുപടിയിൽ നിന്നുകൊണ്ട് േകാളിങ് ബെൽ അടിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് എട്ടുവയസ്സുള്ള ബാലൻ. എത്ര ചാടിയിട്ടും ബെൽ എത്തുന്നില്ല. റോഡിലൂടെ നടന്നുപോകുന്ന 75കാരന് അവന്റെ കഷ്ടപ്പാടു കണ്ടപ്പോൾ സഹായിക്കാതെ വയ്യ. വീട്ടുമുറ്റത്തേക്കു കയറി അവനുവേണ്ടി ബെൽ അടിച്ചുകൊടുത്തു. ഉടൻ വീട്ടുകാർ വന്നു കതകു തുറക്കുമെന്നറിയാവുന്ന ബാലൻ, ‘വളരെ നന്ദി അപ്പൂപ്പാ. എന്നാൽ നമുക്കിനി ഓടിക്കളയാം’ എന്നു പറഞ്ഞ് ശരവേഗത്തിൽ ഓടിമറഞ്ഞു. കുട്ടിയുടെ കുസൃതി മുൻകൂട്ടി കാണാൻ കഴിയാഞ്ഞ വൃദ്ധനു വീട്ടുകാരോടു മാപ്പു പറഞ്ഞ് രക്ഷപ്പെടേണ്ടിവന്നു. കുട്ടി ഇങ്ങനെയൊരു കുസൃതി കാട്ടി അന്യരെ കബളിപ്പിക്കാനും സാധ്യയുണ്ടെന്നു വൃദ്ധൻ ചിന്തിച്ചില്ല. മുന്നിൽക്കണ്ട സംഭവം പെട്ടെന്നു വിശകലനം ചെയ്യാനുള്ള യുക്തിബോധം അദ്ദേഹത്തിനില്ലാതെ പോയി. കുട്ടികളോടുള്ള സ്നേഹവാത്സല്യങ്ങൾ എന്ന മഹത്തായ വികാരം മാത്രമായിരുന്നു മനസ്സിൽ. ഇദ്ദേഹം ഒറ്റപ്പെട്ടയാളല്ല. നമ്മിൽ മിക്കവരും ഇത്തരത്തിലൊക്കെയാകും പലതും ചെയ്യുന്നത്. മുന്നനുഭവങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ മനസ്സ് ചില വിശേഷരീതികളിൽ മാത്രമേ ചിന്തിക്കൂ. ഇങ്ങനെ ചിന്തിക്കുന്ന രീതിയെ സൂചിപ്പിക്കാൻ ‘മൈൻഡ്സെറ്റ്’ എന്നു പറയാറുണ്ട്. ഇത് നമ്മുടെ മനോഭാവമാണെന്നും പറയാം. മുൻവിധികൾ നമ്മെ ഭരിക്കുന്ന സാഹചര്യം. ഈ അടിമത്തത്തിൽനിന്നു മോചനം നേടാൻ ശ്രമിക്കുന്നത് നമുക്കു ഗുണം ചെയ്യും. യുക്തിയുടെ പ്രാധാന്യത്തെപ്പറ്റി അതിശക്തമായി ഗലീലിയോ പറഞ്ഞതിങ്ങനെ: ‘സയൻസിന്റെ കാര്യത്തിൽ ആയിരം പേരുടെ ആധികാരികതയ്ക്ക് ഒരൊറ്റയാളിന്റെ എളിയ യുക്തിയോളം വിലയില്ല’.