അന്ന് ഷെയ്ഖ് അബ്ദുല്ല കൊടൈക്കനാലിൽ തടവുകാരൻ: ജമ്മു കശ്മീരിൽ യഥാർഥ ‘വിധി’ ഇനി; ബിജെപിയെ തുണയ്ക്കുമോ ‘370’?
Mail This Article
‘കശ്മീരിന്റെ സിംഹം’ എന്നറിയപ്പെട്ട ഷെയ്ഖ് അബ്ദുല്ല കൊടൈക്കനാലിൽ താമസിച്ചിട്ടുണ്ട്; തടവുകാരനായി. അന്നു കൊടൈക്കനാൽ ഉൾപ്പെടുന്ന മധുര ജില്ലയുടെ കലക്ടർ പാലക്കാടുകാരനായ ടി.എൻ.ശേഷനായിരുന്നു. നീലഗിരിയിലെ ഉദഗമണ്ഡലത്തിലായിരുന്നു ആദ്യം ഷെയ്ഖ് അബ്ദുല്ലയെ പാർപ്പിച്ചിരുന്നത്. അദ്ദേഹം ആരോടോ സംസാരിച്ചത് രാജ്യാന്തര തലത്തിൽ പത്രവാർത്തയായതോടെ കൊടൈക്കനാലിലേക്കു മാറ്റി. കൊടൈക്കനാലിലെ ബംഗ്ലാവിലും നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും തടവുകാരന്റെ രീതിയിലായിരുന്നില്ല അവിടുത്തെ വാസം. തടവുകാരനായി കഴിയവേ ഡൽഹിയിൽ വീടിനു പുറത്തുപോകാൻ പോലും അനുമതിയുണ്ടായിരുന്നില്ല എങ്കിൽ കൊടൈക്കനാലിൽ നഗരപരിസരത്തു പോകുന്നതിനു നിയന്ത്രണമുണ്ടായിരുന്നില്ല. ഷെയ്ഖിനു കൊടൈക്കനാലിൽ താമസമൊരുക്കാനുള്ള പ്രതിമാസച്ചെലവ് ഇരുപതിനായിരത്തിൽപ്പരം രൂപയാണെന്ന് ചില വാർത്തകൾ പോലും വന്നു. ഇതേക്കുറിച്ചുള്ള പാർലമെന്റ് ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി 1000–1500 രൂപയാണ് പ്രതിമാസ ചെലവെന്നായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവിയും അതിലേക്കുള്ള ഇന്ത്യയുടെ ഇടപെടലിന്റെയും പേരിൽ, സുഹൃത്തായിരുന്ന ജവഹർലാൽ നെഹ്റു ഉൾപ്പെടെ ഇന്ത്യൻ ഭരണാധികാരികളോടു കലഹം തുടങ്ങിയ ഷെയ്ഖിനെ അറസ്റ്റ് ചെയ്തു തടവിൽ വച്ചതു ചരിത്രത്തിലുണ്ട്; പലപ്പോഴായി ദീർഘവർഷങ്ങൾ. 1975ൽ ഇന്ദിരാ ഗാന്ധിയുമായി കരാറുണ്ടാക്കി ഷെയ്ഖ് അബ്ദുല്ല ജമ്മു കശ്മീരിൽ വീണ്ടും അധികാരത്തിലെത്തിയതും ചരിത്രത്തിലുണ്ട്. പ്രത്യേക പദവിയിലെ നിബന്ധനകൾ പ്രകാരം, നേരത്തേ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം സംസ്ഥാനത്തു പിന്നീടു മുഖ്യമന്ത്രിയായി.