ആൻ ടെസ പറയുന്നത്
Mail This Article
മലയാളിയുടെ കുടിയേറ്റത്തെപ്പറ്റിയുള്ള തമാശകൾ അനവധിയാണ്, വളരെ പഴഞ്ചനുമാണ്: ആംസ്ട്രോങ് ചന്ദ്രനിലെത്തിയപ്പോൾ മലയാളിയുടെ ചായക്കട അവിടെക്കണ്ടു തുടങ്ങിയവ. പക്ഷേ, അവ വിരൽചൂണ്ടുന്നത് ജീവിതമാർഗം തേടി ഭൂമിയുടെ അറ്റങ്ങളിലേക്കുള്ള നമ്മുടെ യാത്രകൾ എത്രയോ കാലം മുൻപു തുടങ്ങിയിരുന്നു എന്നതിലേക്കാണ്. ഇന്നിതാ ഇറാൻ പിടിച്ചെടുത്ത, ഇസ്രയേൽ ഉടമസ്ഥനുള്ള കപ്പലിൽ ആൻ ടെസ എന്ന മലയാളി പെൺകുട്ടിയുണ്ടായിരുന്നു എന്നു നാം അറിയുന്നു. 25 ജീവനക്കാരുള്ള കപ്പലിലെ ഏക വനിത. മലയാളികളുടെ ജീവിതസമരയാത്രകൾ, അഥവാ കുടിയേറ്റം, അഥവാ പലായനം, എത്തിനിൽക്കുന്ന പുതുലോകങ്ങളുടെ പ്രതിനിധിയാണ് ആൻ ടെസ എന്ന യുവതി. അതിനുമപ്പുറത്ത് അവൾ താനറിയാതെ പ്രതിനിധീകരിക്കുന്ന ഒരു ലളിത വാസ്തവമുണ്ട്: മലയാളിപ്പെൺകുട്ടികൾ നിശ്ശബ്ദമായി നടത്തിക്കൊണ്ടിരിക്കുന്ന ഉയരങ്ങളിലേക്കുള്ള കാൽവയ്പുകളുടെ പ്രതിനിധിയാണ് അവൾ. അത്യാധുനിക സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളുമുള്ള മഹാനഗരങ്ങളുടെ കുഞ്ഞല്ല ആൻ ടെസ. തൃശൂരിന്റെ ഗ്രാമീണ പ്രാന്തപ്രദേശങ്ങളിലൊന്നിൽ ജനിച്ച് പഠിച്ചുവളർന്ന കുട്ടിയാണ്. കപ്പൽ ഉദ്യോഗസ്ഥനായ പിതാവിന്റെ വഴി പിന്തുടർന്ന് കൊച്ചിയിൽ നോട്ടിക്കൽ സയൻസ് പഠിച്ച് ക്യാംപസ് സിലക്‌ഷൻ കിട്ടി ഇസ്രയേൽ കപ്പലിൽ ജോലി നേടി. ആൻ ടെസ പുതിയ പ്രതിഭാസമല്ല. 1960–കളിലും ’70–കളിലും ഗൾഫിലേക്കും യൂറോപ്പിലേക്കും പഴ്സിന്റെ ഉള്ളറയിലെ അഞ്ചു ഡോളറും ആത്മധൈര്യവും തന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തണമെന്ന നിശ്ചയദാർഢ്യവും മാത്രം കൈമുതലായി െപട്ടിയും കിടക്കയുമായി നഴ്സിങ്ങിനു പുറപ്പെട്ടുപോയ പെൺകുട്ടികളുടെ പിന്തുടർച്ചക്കാരിയാണ് അവൾ. അതുപോലെതന്നെ, അതേകാലത്ത് സർക്കാർ ഉദ്യോഗത്തിനായി (പ്രധാനമായും അധ്യാപനം) വയനാട്ടിലെയും ഉത്തര മലബാറിലെയും കിഴക്കൻ മലകളിലെയും പിന്നാക്ക പ്രദേശങ്ങളിലേക്കു കടന്നുചെന്ന ആയിരക്കണക്കിനു യുവതികളും അവൾക്കു മുൻപുണ്ട്. സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായി പിന്തള്ളപ്പെട്ട സമൂഹങ്ങളുടെ ചരിത്രത്തിൽ അപൂർവമാണ് ഇങ്ങനെയൊരു സ്ത്രീ മുന്നേറ്റം.