ലങ്കയിൽ ചൈനയ്ക്ക് അദാനിയുടെ ‘ഇന്ത്യൻ അടി’; ഭൂട്ടാനും ആഫ്രിക്കയും വരെ ‘നിക്ഷേപ വല’യിൽ; പിന്നിലാര്?

Mail This Article
ശ്രീലങ്കയുടെ തന്ത്രപ്രധാന തുറമുഖമായ കൊളംബോയില്‍ ഏകദേശം 6000 കോടി രൂപ നിക്ഷപത്തോടെ രാജ്യാന്തര കണ്ടെയ്നര്‍ നിര്‍മിക്കുകയാണ് ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ കീഴിലുള്ള അദാനി പോര്‍ട്സ്. ഗ്രൂപ്പിലെ മറ്റൊരു കമ്പനിയായ അദാനി എനര്‍ജി സൊല്യൂഷന്‍സ് ഈ ടെര്‍മിനലിന് സമീപം കാറ്റാടിപ്പാടവും സ്ഥാപിക്കാനൊരുങ്ങുന്നു; ശ്രീലങ്കയ്ക്ക് അടുത്ത 20 കൊല്ലത്തേയ്ക്ക് വൈദ്യുതി ഉൽപാദിപ്പിച്ച് നല്‍കുകയാണ് ലക്ഷ്യം. ഫിലിപ്പീന്‍സില്‍ ദക്ഷിണ ചൈന കടലിനോട് ചേര്‍ന്ന് ആഴക്കടല്‍ തുറമുഖം നിര്‍മിക്കാനുള്ള ചര്‍ച്ചകളും അദാനി പോര്‍ട്സ് നടത്തുന്നു. ഭൂട്ടാനില്‍ 570 മെഗാവാട്ടിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്പാദന പ്ലാന്റ് സ്ഥാപിക്കാന്‍ കരാറായി. ബംഗ്ലദേശിലും പദ്ധതികളുണ്ട്. ഒടുവിലിതാ, ടാന്‍സാനിയിലെ കണ്ടെയ്നര്‍ ടെര്‍മിനല്‍ ഏറ്റെടുത്ത് ആഫ്രിക്കയിലേയ്ക്കും അദാനി ഗ്രൂപ്പ് ചുവടുവച്ചിരിക്കുന്നു. എന്തുകൊണ്ടാണ് അദാനി ഗ്രൂപ്പ് വിദേശത്തേയ്ക്കും നിക്ഷേപവലയെറിയുന്നത്? ഇതിന് പിന്നില്‍ കേവലം ബിസിനസ് താല്പര്യം മാത്രമാണോ?