ആറിൽ രമ്യ മുന്നേറിയാൽ ചേലക്കരയിൽ ഞെട്ടൽ; വിജയിയെ ഒളിപ്പിച്ച് 9 പഞ്ചായത്ത്; ഈ കണക്കുകൾ യാഥാർഥ്യമാകുമോ?

Mail This Article
ചേലക്കരയുടെ 60 വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം കോൺഗ്രസിന്റെയും സിപിഎമ്മിന്റേതുമാണ്. കമ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിനെ തുടർന്നു നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.കെ.ബാലകൃഷ്ണനാണ് വിജയിച്ചത്. പിന്നീട് തുടർ വിജയങ്ങൾ കോൺഗ്രസ് നേടി. 1967, 1982 വർഷങ്ങളിൽ സിപിഎം ജയിച്ചതൊഴിച്ചാൽ കോൺഗ്രസിന്റെ ആധിപത്യം ചേലക്കരയിൽ പ്രകടമായിരുന്നു. പിന്നീട് കെ.രാധാകൃഷ്ണൻ ഇടതുമുന്നണി സ്ഥാനാർഥിയായി എത്തിയതോടെയാണ് ചേലക്കര ചുവന്നു തുടങ്ങിയത്. ഇതുവരെ ആകെ നടന്ന 14 തിരഞ്ഞെടുപ്പിൽ 8 തവണ സിപിഎം ജയിച്ചു. 6 തവണ കോൺഗ്രസും. 1996 മുതൽ 2021 വരെ ആറു തവണയും എൽഡിഎഫ് ജയിച്ചു. കോൺഗ്രസോ, സിപിഎമ്മോ അല്ലാതെ മറ്റൊരു പാർട്ടി ചേലക്കരയിൽ ജയിച്ചിട്ടില്ല. മണ്ഡലം രൂപീകൃതമായ 1965 മുതൽ 5 തവണ കെ.രാധാകൃഷ്ണനും 4 തവണ കെ.കെ.ബാലകൃഷ്ണനും ജയിച്ചു. ഇരുവർക്കും മണ്ഡലത്തിൽ ആഴത്തിലുള്ള ബന്ധമുണ്ട്. രാധാകൃഷ്ണൻ രണ്ടു തവണ മന്ത്രിയും ഒരു തവണ സ്പീക്കറുമായി. ബാലകൃഷ്ണൻ ചേലക്കരയുടെ പ്രതിനിധിയായിരിക്കെ 1977–78 കാലത്ത് കെ.കരുണാകരൻ, എ.കെ.ആന്റണി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. സിപിഎമ്മിലെ പി.കുഞ്ഞൻ (1967), സി.കെ.ചക്രപാണി (1982), യു.ആർ.പ്രദീപ് (2016), കോൺഗ്രസിലെ ഡോ.എം.എ.കുട്ടപ്പൻ(1987), എം.പി.താമി(1991) എന്നിവർ ഓരോ തവണവീതം മണ്ഡലത്തിൽ നിന്നു ജയിച്ചു നിയമസഭയിലെത്തി. ആലത്തൂർ സീറ്റ് എങ്ങനെയും പിടിച്ചെടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണു ചേലക്കര എംഎൽഎ കൂടിയായ മന്ത്രി കെ.രാധാകൃഷ്ണൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായത്. കേരളത്തിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് സിപിഎം മന്ത്രിയെ തന്നെ കളത്തിൽ ഇറക്കി മത്സരം മുറുക്കിയത്. പരീക്ഷണം ആലത്തൂരിൽ വിജയം കണ്ടു. ചേലക്കര എംഎൽഎ പാർലമെന്റിലെത്തി. ഇത്തവണ കെ.രാധാകൃഷ്ണൻ ചേലക്കരയിൽ മത്സരത്തിനില്ല. അതുകൊണ്ടു തന്നെ മണ്ഡലം തിരികെ പിടിക്കാമെന്ന അവേശത്തിലാണ് യുഡിഎഫ്.