രാഹുലിന്റെ ‘അദാനിപ്പെട്ടി’യും രക്ഷിച്ചില്ല; ബിജെപിക്ക് ‘വഴികാട്ടി’ ജോഡോ യാത്ര; കേന്ദ്ര ‘പദ്ധതിക്കെണി’യിൽ ഷിൻഡെയും കുരുങ്ങി!
Mail This Article
ഭരണഘടനാ സംരക്ഷണം, വോട്ടുധ്രുവീകരണം, സാമൂഹികനീതി തുടങ്ങിയ ‘ദേശീയ’ വിഷയങ്ങളുമായി മഹാവികാസ് അഘാഡി സഖ്യത്തിന്റെ (എംവിഎ) തിരഞ്ഞെടുപ്പു പ്രചാരണം മഹാരാഷ്ട്രയിൽ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. അതിനിടയിലാണ് ധാരാവി ഡവലപ്മെന്റ് പ്രോജക്ട് വിഷയം വീണുകിട്ടുന്നത്. പക്ഷേ, അപ്പോഴും ധാരാവിയിലെ സാധാരണക്കാരുടെ പ്രശ്നങ്ങളേക്കാൾ കോൺഗ്രസും ശിവസേന (ഉദ്ധവ് താക്കറെ) ഉൾപ്പെടെയുള്ള എംവിഎ സഖ്യ പാർട്ടികളും പ്രാധാന്യം നൽകിയത് പ്രോജക്ടുമായി ബന്ധപ്പെട്ടു കിടന്ന ഗൗതം അദാനിക്കായിരുന്നു. കേന്ദ്ര സർക്കാരും അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ കത്തിക്കയറിയത്. ഈ വിവാദം കത്തിക്കയറവേ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയോട് ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചു. ഷിൻഡെയുടെ മറുപടി ഇങ്ങനെ: ‘‘ഏയ്, നിങ്ങളെന്താണീ പറയുന്നത്. മഹാരാഷ്ട്രയിൽ പ്രാദേശിക വിഷയങ്ങൾക്കേ പ്രാധാന്യമുള്ളൂ. ദേശീയ വിഷയങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. ഈ സംസ്ഥാനത്ത് ഞങ്ങൾ ചെയ്തത് എന്താണെന്ന് ജനം കണ്ടതാണ്. അവർ ഞങ്ങൾക്കുതന്നെ വോട്ടും ചെയ്യും...’’. തിരഞ്ഞെടുപ്പു പ്രചാരണത്തിന് സംസ്ഥാനത്തെയാകെ ബാധിക്കുന്ന തരം വിഷയങ്ങള്‍ക്കു കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും കോൺഗ്രസും ഇന്ത്യാ സഖ്യവും മനസ്സിലാക്കിയേ തീരൂ. കാരണം, മഹാരാഷ്ട്രയിൽ അത്ര വലിയ പരാജയമാണ് എംവിഎ സഖ്യം നേരിട്ടിരിക്കുന്നത്. ആകെ മത്സരിച്ച 103 സീറ്റിൽ 16 ഇടത്തു മാത്രമാണ് കോൺഗ്രസ് ജയിച്ചത്. 2019ൽ 44 സീറ്റ് ജയിച്ചയിടത്താണിത്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 89 ഇടത്ത് മത്സരിച്ചപ്പോൾ ജയം 20 സീറ്റുകളിൽ മാത്രം. എൻസിപി ശരദ് പവാർ വിഭാഗവും പരാജയത്തിന്റെ കയ്പറിഞ്ഞു. മത്സരിച്ച 87 സീറ്റിൽ 10 ഇടത്തു മാത്രം ജയം. അതേസമയം, 148 സീറ്റിൽ മത്സരിച്ച ബിജെപി 132 ഇടത്തു ജയിച്ചു (2019ൽ 105 സീറ്റ്) ശിവസേന ഷിൻഡെ വിഭാഗം