‘സൂക്ഷ്മദർശിനി’യുമായി സംവിധായകൻ നടന്ന 6 വർഷം; പരാജയപ്പെടുന്ന വില്ലനായി മോഹൻലാൽ എന്നു വരും വീണ്ടും?
Mail This Article
ആണുങ്ങൾ 50 വർഷംകൊണ്ടു നേടിയത്... തലക്കെട്ട് വായിച്ചപ്പോൾത്തന്നെ എന്തോ ബാക്കിയുണ്ടെന്നും അതെന്താണെന്നും മനസ്സിലായല്ലോ? അതാണ് ഈ കാലത്തിന്റെ മാജിക്. സമീപകാലത്തു റിലീസ് ചെയ്ത കുറച്ചു സിനിമകളുടെ പേരുകൾ പറയാം. സൂക്ഷ്മദർശിനി, ബോഗയ്ൻവില്ല, കിഷ്‌കിന്ധാകാണ്ഡം, മന്ദാകിനി, ആട്ടം, ഉള്ളൊഴുക്ക്, ബി 32 മുതൽ 44 വരെ, ജയ ജയ ജയ ജയ ഹേ.. ഇവയ്ക്ക് പൊതുവായുള്ള ഒരു പാറ്റേണെന്താണെന്നു കാണാൻ സൂക്ഷ്മദർശിനിയുടെ ആവശ്യമില്ല. ഇപ്പറഞ്ഞ സിനിമകളിൽ സ്ത്രീകളാണ് മുഖ്യകഥാപാത്രങ്ങൾ, അല്ലെങ്കിൽ പുരുഷകഥാപാത്രങ്ങളോടു തുല്യപ്രാധാന്യമുള്ളവർ. സിനിമ മുന്നോട്ടുകൊണ്ടുപോകുന്നതും അങ്ങനെ തിയറ്ററിൽ ആളെക്കയറ്റുന്നതും സ്ത്രീകൾ തന്നെ. (ലിസ്റ്റിലെ ആദ്യരണ്ടു സിനിമകളിൽ മലയാളസിനിമ കണ്ട മികച്ച രണ്ട് അഭിനേത്രികളുടെ തിരിച്ചുവരവും കണ്ടു; ജ്യോതിർമയിയുടെയും നസ്രിയ നസീമിന്റെയും). സ്ത്രീപക്ഷ സിനിമകൾ മുൻപും മലയാളത്തിലുണ്ടായിട്ടുണ്ട്. കള്ളിച്ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിന്റെ വാരിയെല്ല്, എഴുതാപ്പുറങ്ങൾ, ദേശാടനക്കിളി കരയാറില്ല, പഞ്ചാഗ്നി, മങ്കമ്മ, കണ്ണെഴുതി പൊട്ടുംതൊട്ട്, അച്ചുവിന്റെ അമ്മ, 22 ഫീമെയിൽ കോട്ടയം, ഹൗ ഓൾഡ് ആർ യു, ഒഴിമുറി, ഗദ്ദാമ... അങ്ങനെ പലതും. എന്നാൽ, ആബാലവൃദ്ധം ജനങ്ങളെയും ആകർഷിക്കുന്ന വാണിജ്യച്ചേരുവകളോടെ സ്ത്രീപക്ഷ സിനിമകൾ ഇങ്ങനെ അടിക്കടി ഉണ്ടായ കാലം ഓർമയില്ല. (മേൽപറഞ്ഞവയിൽ എല്ലാം വാണിജ്യസിനിമകളാണെന്ന് അർത്ഥമില്ല). സമൂഹത്തിൽ സംഭവിക്കുന്ന സ്ത്രീമുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഈ സിനിമകൾ.