ട്രൂഡോയുടെ പാപങ്ങൾ കഴുകാൻ 10 മാസം; മുന്നിലുണ്ട് മൂന്നുപേർ; ഇനി എന്താകും കാനഡ തേടിയുള്ള ഇന്ത്യൻ കുടിയേറ്റം?
Mail This Article
ഒൻപതുവർഷത്തെ ഭരണത്തിനുശേഷം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവയ്ക്കുകയാണ്. ലിബറൽ പാർട്ടി പകരമൊരു നേതാവിനെ തിരഞ്ഞെടുത്താലുടൻ സ്ഥാനമൊഴിയുമെന്നാണ് ട്രൂഡോയുടെ പ്രഖ്യാപനം. കാനഡയിലെ സിഖുകാർക്കുവേണ്ടി ഇന്ത്യയോടു പിണങ്ങിയ ട്രൂഡോയെ ഒരു കനേഡിയൻ സിഖുകാരൻ തന്നെയാണ് ആദ്യം കാലുവാരിയത്. അതിനുശേഷം, അദ്ദേഹത്തിന്റെ വിശ്വസ്തയെന്നു കരുതിയിരുന്ന ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡും. 338 സീറ്റുള്ള പാർലമെന്റിൽ 154 സീറ്റ് മാത്രമുള്ള ട്രൂഡോയുടെ ലിബറൽ പാർട്ടി കഴിഞ്ഞ മൂന്നു വർഷമായി കാനഡ ഭരിച്ചുകൊണ്ടിരുന്നത് ജഗ്‌മിത് സിങ് എന്ന സിഖുകാരൻ നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി(എൻഡിപി)യുടെ 24 എംപിമാരുടെ പിന്തുണയോടെയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ എൻഡിപി പിന്തുണ പിൻവലിച്ചതോടെ ട്രൂഡോയുടേതു ന്യൂനപക്ഷ സർക്കാരായി. നാലുമാസമായി പ്രതിപക്ഷകാരുണ്യത്തിലാണ് ട്രൂഡോ അധികാരത്തിൽ തുടർന്നത്. ഏതെങ്കിലും പ്രതിപക്ഷ പാർട്ടി അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നെങ്കിൽ സർക്കാർ വീഴുമായിരുന്നു. തൽക്കാലം തിരഞ്ഞെടുപ്പിനെ നേരിടാൻ താൽപര്യമില്ലാത്തതിനാലാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരാതിരുന്നതെന്നാണ് കരുതുന്നത്. ഇക്കൊല്ലം ഒക്ടോബർ വരെയാണ് നിലവിലുള്ള സഭയുടെ കാലാവധി. രണ്ടാഴ്ചമുൻപു ധനമന്ത്രി ഫ്രീലാൻഡ് രാജിവച്ചതോടെ ട്രൂഡോ പാർട്ടിനേതൃത്വം ഒഴിയണമെന്ന ആവശ്യം ശക്തമായിരുന്നു. ട്രൂഡോയുടെ നേതൃത്വത്തിൽ ഒക്ടോബറിൽ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തോൽവി നിശ്ചയമാണെന്നാണ്