ഭാഷാപ്രയോഗത്തിലെ ഔചിത്യം - ബി.എസ്.വാരിയർ എഴുതുന്നു

Mail This Article
ഒരിക്കൽ കേട്ടാൽ മറക്കാത്ത വാക്യം മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ പറഞ്ഞതായി കഥയുണ്ട്, ‘ഹൃദയ ബൈപാസ് ശസ്ത്രക്രിയയ്ക്ക് കറിക്കത്തി ഉപയോഗിക്കരുത്’. ഏതാണ്ട് ഇതേ കാര്യം തിരിച്ചുപറയുന്ന മലയാളമൊഴി നമുക്കുമുണ്ട്, ‘ഈച്ചയെ കൊല്ലാൻ വാളെടുക്കരുത്’. ഏതു കാര്യത്തിനും തന്ത്രം മെനയുമ്പോൾ അതിനു തക്ക ആയുധം തിരഞ്ഞെടുക്കണം. ഇതു യുദ്ധത്തിന്റെ മാത്രം കാര്യമല്ല. ഭാഷ പ്രയോഗിക്കുന്നതു സന്ദർഭത്തിനു യോജിച്ചതാകണം. ഭാര്യയോടു ചിലപ്പോൾ പറയുന്ന ഭാഷ അപ്പൂപ്പനോടു പ്രയോഗിച്ചാൽ എങ്ങനെയിരിക്കും? ആശയവിനിമയം മുഖ്യമായും ഭാഷാപ്രയോഗത്തിലൂടെയാണു നാം നിർവഹിക്കുന്നത്. ഈ വിഷയത്തിൽ പ്രൗഢഗ്രന്ഥങ്ങൾ തന്നെയുണ്ട്. പലതും സാഹിത്യവുമായി ബന്ധപ്പെട്ട രചനകളിലെ സർഗാത്മകത, സൗന്ദര്യാത്മകത, വ്യവഹാരരൂപങ്ങൾ, വൃത്തം, അലങ്കാരം, കാവ്യഭാഷ, കാവ്യഗുണം, രസാത്മകത, ഭാഷാശാസ്ത്രം തുടങ്ങിയവയെപ്പറ്റിയാവും ചർച്ച ചെയ്യുന്നത്. നമുക്ക് സാമാന്യജീവിതത്തിൽ അത്യാവശ്യം മനസ്സിൽ വയ്ക്കേണ്ട പ്രായോഗിക കാര്യങ്ങളിലെക്ക് ശ്രദ്ധ പരിമിതപ്പെടുത്താം.