മോദിയോട് കോൺഗ്രസിന് ‘വിരോധം’ ഇല്ല; കേജ്രിവാളിന്റെ ‘ശീശ് മഹൽ’ തകർക്കാൻ ബിജെപി; ഡല്‍ഹിയിൽ സ്വർണംപൂശിയ ക്ലോസറ്റും പ്രചാരണായുധം!

Mail This Article
അഴിമതിവിരുദ്ധതയല്ല ഇത്തവണ ആം ആദ്മിയുടെ സമരായുധം, ഹിന്ദുത്വയല്ല ബിജെപിയുടേത്, മോദി വിരുദ്ധതയല്ല കോൺഗ്രസിന്റേത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു കൂട്ടർക്കും തങ്ങളുടെ പഴയ ആയുധങ്ങൾ പണ്ടേപോലെ ഫലിക്കുമെന്നുറപ്പില്ല; അവ തിരിച്ചടിച്ചേക്കാമെന്ന ഭയവുമുണ്ട്. അതിനാൽ, പുതിയ ആയുധങ്ങളുമായാണ് മൂവരും അങ്കത്തിനൊരുങ്ങുന്നത്. ലോക്സഭയിലേക്ക് ആകെയുള്ള ഏഴു സീറ്റിലും 2014 മുതൽ ബിജെപിയെ ജയിപ്പിക്കുന്ന ഡൽഹിക്കാർ കഴിഞ്ഞ പതിനൊന്നു വർഷം ഡൽഹി ഭരണം ആം ആദ്മി പാർട്ടിക്കു തീറെഴുതിക്കൊടുത്തു. 2013ൽ, ഷീല ദീക്ഷിതിന്റെ കോൺഗ്രസിനെതിരെ കോമൺവെൽത്ത് ഗെയിംസിലെയും ഒപ്പം കേന്ദ്ര സർക്കാരിനെതിരെ 2ജി, കൽക്കരി ഇടപാടുകളിലെയും അഴിമതിയാരോപണങ്ങൾ ഉയർത്തിയും 2015ൽ, കോടികളുടെ സ്യൂട്ട് ധരിച്ച നരേന്ദ്ര മോദിയെ പരിഹസിച്ചും 2020ൽ, ഡൽഹി ഭരണം അഴിമതിമുക്തമാക്കുമെന്നു വാഗ്ദാനം ചെയ്തുമാണ് ആം ആദ്മി പാർട്ടി (എഎപി) ഡൽഹി ഭരണം നേടിയത്. എന്നാൽ ഇക്കുറി, ഭരണനേട്ടങ്ങളും അവയ്ക്കു തടയിടാൻ ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന റെയ്ഡും ചൂണ്ടിക്കാട്ടി വോട്ടു ചോദിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ നേട്ടങ്ങളാണു എഎപിയുടെ പ്രധാന പ്രചാരണവിഷയം.