ശംബളം‘ബക’രാകാന്‍ മാത്രമാകരുത് പഠനം; പുറത്തുവരാം ഇഎംഐയുടെ തടവറയിൽ നിന്ന്; ഉന്തുവണ്ടിവിൽപനക്കാരനും ബുദ്ധിജീവിയാണ്!

Mail This Article
മറ്റു പേസ്റ്റുകളെ അപേക്ഷിച്ച് ഈ പേസ്റ്റ് പകുതിയെടുത്താൽ മതി: പണ്ട് ഒരു ടൂത്ത്‌പേസ്റ്റ് ബ്രാൻഡ് ഇങ്ങനെയൊരു പരസ്യവുമായി വന്നത്രേ. സ്വാഭാവികമായും മറ്റു പേസ്റ്റുകളുടെ വിൽപന ഇടിഞ്ഞു. ഈ പേസ്റ്റിന്റെ വിൽപന കുത്തനെ വർധിക്കുകയും ചെയ്തു. പക്ഷേ, ആ കുതിപ്പ് അധികകാലം നീണ്ടില്ല. പേസ്റ്റ് പകുതിയെടുത്താൽ മതി എന്നായിരുന്നല്ലോ പരസ്യവാചകം. അതുകൊണ്ട് ആദ്യം വിൽപന കൂടിയെങ്കിലും പേസ്റ്റിന്റെ ഉപയോഗം ആളുകൾ പകുതിയായി കുറച്ചിരുന്നു. അതാണു പിന്നീട് ആ പേസ്റ്റിനും അടിയായത്. അതു മറികടക്കാൻ എന്താണ് പോംവഴിയെന്ന് ആ പേസ്റ്റിന്റെ ആൾക്കാർ തല പുകഞ്ഞു. ഒടുവിൽ ഒരാൾ ഒരു ഐഡിയയുമായി വന്നു: പേസ്റ്റ് ട്യൂബിന്റെ വാവട്ടം അൽപം വർധിപ്പിക്കുക. അപ്പോൾ പേസ്റ്റ് പകുതി (നീളത്തിൽ) എടുത്താലും പഴയ അളവുതന്നെ പുറത്തുചാടും. സംഗതി സോൾവ്ഡ്. ഇതു നടന്ന സംഭവമാണെന്നു കരുതേണ്ടതില്ല, പകരം ഒരു വെല്ലുവിളിയുണ്ടായാൽ അതു പരിഹരിക്കാനുള്ള ബിസിനസുകാരുടെ മിടുക്കിനെപ്പറ്റി വിശദീകരിക്കുന്ന രസികൻ മിനിക്കഥയായി വായിച്ചാൽ മതി. എന്തായാലും ബിസിനസുകാരുടെ ഇത്തരം മിടുക്കുകളെപ്പറ്റി ആർക്കും തർക്കമില്ലല്ലോ? എന്നാലും ബുദ്ധിജീവികൾ എന്നു പറയുമ്പോൾ നമ്മളാരും ബിസിനസുകാരെ അക്കൂട്ടത്തിൽപെടുത്താറില്ല.