ഇതാണ് ബിജെപി ആഗ്രഹിച്ച പ്രതിപക്ഷം; തിരഞ്ഞെടുപ്പിൽ തീർന്നോ ഇന്ത്യാസഖ്യം?

Mail This Article
2014ൽ അധികാരം കൈവന്നയുടനെ മോദി സർക്കാരിനു കണ്ണിൽച്ചോരയില്ലാതെ പ്രതിപക്ഷത്തോടു പെരുമാറാമായിരുന്നു. എന്നാൽ, അതിനവർ മുതിർന്നില്ല. എത്ര മോശമായിരുന്നു അതുവരെയുള്ള ഭരണമെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എത്ര പരിതാപകരമെന്നും ‘ധവളപത്രം’ ഇറക്കി വെളിപ്പെടുത്തിയാൽ പണമിറക്കാൻ മനസ്സുള്ള വ്യവസായികളുടെയും മറ്റും ആത്മവിശ്വാസം ഉലഞ്ഞുപോകുമെന്ന് അവർ വിലയിരുത്തി. ആ നല്ല മനസ്സ് 10 വർഷം തുടർന്നു. കഴിഞ്ഞ വർഷം, ലോക്സഭാ തിരഞ്ഞെടുപ്പിനു 2 മാസം മുൻപ്, ഇടക്കാല ബജറ്റിനു പിന്നാലെയാണു ധവളപത്രം ഇറക്കിയത്. അതിൽ 2004 മുതൽ 2014 വരെയും തുടർന്നിങ്ങോട്ടുമുള്ള 10 വർഷങ്ങളെ തമ്മിൽ താരതമ്യം ചെയ്തു; നശിച്ചു നാനാവിധമായിരുന്ന സാമ്പത്തികമേഖലയെ തങ്ങൾ എങ്ങനെ കരകയറ്റിയെന്നു വിശദീകരിച്ചു. യുഎസ് ഡോളറുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ‘ഫ്രീ ഫോൾ’ നടത്തിയതിന്റെ ചരിത്രമുൾപ്പെടെ അന്നു ഗ്രാഫുകളുടെ സഹായത്തോടെ പറഞ്ഞുവച്ചു. എന്നാൽ, 2014ൽ ഒരു ഡോളറിന് 61 രൂപയായിരുന്നു താരതമ്യ മൂല്യമെങ്കിൽ, ഇപ്പോഴത് 86 രൂപവരെ എത്തിനിൽക്കുന്നു. അതുൾപ്പെടെ പല സംഗതികളും പരിഗണിച്ചാൽ, മറ്റൊരു ധവളപത്രത്തിനു സ്കോപ്പുണ്ട്. പക്ഷേ, രാജ്യത്തെ പ്രതിപക്ഷത്തിന് അങ്ങനെയൊരു ഗൗരവമൊന്നും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചു തോന്നുന്നുണ്ടെന്നു പറയാൻ വയ്യ. കാര്യങ്ങളുടെ പോക്ക് ശരിയല്ലെന്നു വ്യക്തമാക്കുന്ന ചില സംഗതികൾ മാത്രമെടുക്കാം.