സ്നേഹത്തോടെ ദുബായ് വിളിച്ചു ‘അസഹാബുൽ ഹമം’; കേരളം വിട്ടത് കുടുംബത്തോടെ; വിദേശത്ത് ലഭിക്കുന്നത് വിഐപി പരിഗണന

Mail This Article
‘‘ശാരീരിക പരിമിതികളുള്ളവരെ എന്തുവിളിക്കണം എന്ന ചർച്ചയിലാണു നമ്മുടെ നാട്. വികലാംഗൻ, ഭിന്നശേഷി, ദിവ്യാംഗൻ തുടങ്ങിയ വാക്കുകളെല്ലാം ശാരീരിക പരിമിതിയെ വീണ്ടും ഓർമിപ്പിക്കുകയാണെന്നു മനസ്സിലാക്കുന്നില്ല’’. ശാരീരികപരിമിതിയെ കലയിലൂടെ മറികടന്ന മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്നിന്റെ ജീവിതപങ്കാളി ഫാത്തിമ ദോഫാർ പറയുന്നു. ജസ്ഫറും ഫാത്തിമയും മകൻ കെൻസൽ റൂമിയും ഇപ്പോൾ ദുബായിലാണ്. ചക്രക്കസേരയിലുള്ള ഒരാൾക്കു ദുബായ് നൽകുന്ന പരിഗണനയാണ് കേരളം വിട്ടുപോകാൻ ഇവരെ പ്രേരിപ്പിച്ചത്. ഒമാനിലെ സലാലയിൽ അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് ഫാത്തിമ കേരളത്തിലെ ഗ്രീൻ പാലിയേറ്റീവ് സംഘടനയെക്കുറിച്ച് അറിയുന്നത്. നന്മയ്ക്കുവേണ്ടി ഒരുമിച്ചുകൂടിയ ചങ്ങാതിമാരുടെ കൂട്ടം. ഇതിന്റെ പ്രവർത്തകനായ ജസ്ഫറിനെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു. 2015 നവംബറിൽ നാട്ടിലെത്തിയ ഫാത്തിമ ജസ്ഫറിനെ ജീവിതത്തിൽ കൂടെക്കൂട്ടി. വിവാഹശേഷം ഫാത്തിമയും ഗ്രീൻ പാലിയേറ്റീവിൽ സജീവമായി. പൊതുഇടങ്ങൾ വീൽചെയർ സൗഹൃദമാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ 2015 ഡിസംബറിൽ വീൽചെയർ ഫ്രണ്ട്‌ലി സ്റ്റേറ്റ് പ്രചാരണത്തിനു തുടക്കമിട്ടു. ഭിന്നശേഷിക്കാരായ സ്ത്രീകൾക്കും എഴുത്തുകാർക്കും വേണ്ടി കൂട്ടായ്മകളും ക്യാംപുകളും നടത്തി.