സ്ത്രീതുല്യതയ്ക്കു വേണ്ടി നിരന്തര പ്രവർത്തനം; രാജ്യം മറന്നോ ആ ഗാന്ധിയൻ ഫെമിനിസ്റ്റിനെ?

Mail This Article
75 വർഷം മുൻപ്, 1950 ജനുവരി 24ന് നമ്മുടെ ഭരണഘടനയുടെ ഒറിജിനൽ കോപ്പിയിൽ ഭരണഘടനാ നിർമാണ സഭാംഗങ്ങൾ ഒപ്പിടുമ്പോൾ അവരിൽ 11 സ്ത്രീകളാണുണ്ടായിരുന്നത്. പിൽക്കാലചരിത്രം മറന്നുപോയ ആ 11 പേരിൽ ഒരാളായിരുന്നു ഹൻസ മേത്ത. 1947 ഓഗസ്റ്റ് 14നു നടന്ന അധികാരക്കൈമാറ്റച്ചടങ്ങിൽ ദേശീയപതാക സഭാധ്യക്ഷൻ രാജേന്ദ്രപ്രസാദിനു കൈമാറിയ ഹൻസ ആധുനിക ഇന്ത്യാചരിത്രത്തിൽ അവഗണിക്കാനാകാത്ത അമൂല്യസംഭാവനകൾ നൽകിയ ചരിത്രവനിതയാണ്. അനന്യമായ സംഘാടനമികവും ബഹുഭാഷാപാണ്ഡിത്യവും അനുപമമായ ഭരണനിർവഹണശേഷിയും ഒരുമിച്ച വ്യക്തിത്വമായിരുന്നു അവർ. വൈവിധ്യമാർന്ന ചുമതലകൾ ഏറ്റെടുക്കുകയും അതെല്ലാം കണിശമായ ഉത്തരവാദിത്വബോധത്തോടെയും ഗാന്ധിശിഷ്യർക്കു സഹജമായ ലാളിത്യത്തോടെയും നിർവഹിക്കുകയും ചെയ്ത വിരലിലെണ്ണാവുന്ന നേതാക്കളിൽ ഒരാൾ. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ അവസാനകാലത്തും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യദശകങ്ങളിലും മതനിരപേക്ഷവും സർവാശ്ലേഷിയുമായ സാമൂഹിക-വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും പടുത്തുയർത്തുന്നതിൽ അവർ കാണിച്ച സൂക്ഷ്മതയും മികവും അദ്ഭുതകരമാണ്.