കേരളത്തിൽ 34 ലക്ഷം അതിഥിത്തൊഴിലാളികൾ, വോട്ടർ പട്ടികയിൽ 3000 പേർ; ഇവിടെയും വരുമോ ആനുകൂല്യങ്ങൾ? ചെറുതല്ല മമതയുടെ ‘കേരള പ്ലാൻ’

Mail This Article
ബംഗാളിൽനിന്നു തൊഴിൽ തേടി കേരളത്തിൽ വന്നവരാണ് അതിഥിത്തൊഴിലാളികൾ. സർക്കാർ കണക്ക് അനുസരിച്ച് 10 ലക്ഷത്തോളം ബംഗാളി തൊഴിലാളികൾ കേരളത്തിലുണ്ട്. അവരെ പിന്തുടർന്ന് ബംഗാളിൽനിന്ന് തൃണമൂൽ കോൺഗ്രസും കേരളത്തിലേക്കെത്തുകയാണ്. തിരഞ്ഞെടുപ്പു കാലമെത്തിയാൽ ട്രെയിനിൽ തിങ്ങിഞെരുങ്ങി നാട്ടിലെത്തി വോട്ടു ചെയ്യുന്നതാണ് അതിഥിത്തൊഴിലാളികളുടെ ശീലം. ഏതാനും വർഷങ്ങൾക്കുള്ളിൽ കേരള സമൂഹത്തിന്റെ ഭാഗമാകാൻ അവർക്കു കഴിഞ്ഞു. കേരളത്തിൽ പലയിടത്തും സ്വന്തം സംരംഭങ്ങളും തുടങ്ങിയതോടെ അതിഥിത്തൊഴിലാളി എന്ന പേരു പോലും തിരുത്തേണ്ട കാലവും എത്തി. അതിഥികൾ മലയാളം പഠിച്ചു; മലയാളികൾ ഹിന്ദിയും. ബസുകളുടെയും കടകളുടെയും ബോർഡുകളിൽ ഹിന്ദിയും ഇടം നേടി. സ്കൂളിൽ മികവു തെളിയിക്കുന്നു അതിഥിത്തൊഴിലാളികളുടെ കുട്ടികൾ. ഇങ്ങനെയൊരു സാമൂഹിക മാറ്റം നടക്കുമ്പോഴാണ് തൃണമൂൽ കോണ്‍ഗ്രസ് കേരളത്തിൽ യൂണിറ്റ് തുടങ്ങുന്നത്. അതോടെ അടുത്ത ചോദ്യം ഉയരുന്നു. തൃണമൂലിന്റെ അടുത്ത ലക്ഷ്യം കേരളമോ? അതോ കേരളത്തിലെ ബംഗാളി സമൂഹമോ? ആദ്യമായല്ല തൃണമൂൽ കോൺഗ്രസ് മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ആദ്യം ഗോവയായിരുന്നു. പക്ഷേ ഗോവയെ വോട്ടു ബാങ്ക് ആക്കാൻ ടിഎംസിക്ക് പറ്റിയില്ല. 2022 ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് നേതാവ് ലൂസിഞ്ഞോ ഫലീറോ അടക്കം പല പ്രമുഖരും തൃണമൂലിലേക്കെത്തി. എന്നാൽ അവിടെ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. അടുത്ത നീക്കം അസമിലായിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രസിഡന്റായിരുന്ന റിപുൻ ബോറ രാജിവച്ചതോടെ, അസമിൽ പാർട്ടിക്കു സ്വീകാര്യത നേടിനായില്ല.