എല്ലാവർക്കും ഇടമുള്ള വിശുദ്ധഗ്രന്ഥം; തലമുറകളുടെ സഹനത്തിന്റെയും രക്തത്തിന്റെയും വില!

Mail This Article
സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും സാധാരണ അവധിദിവസങ്ങൾ പോലെ വീട്ടിലിരിക്കാൻ പറ്റില്ല. ആ രണ്ടു ദിവസവും യൂണിഫോമിട്ട് സ്കൂളിൽ പോവുകയും അസംബ്ലിക്കു നിൽക്കുകയും വേണം. പതാകയുയർത്തുമ്പോൾ ഹെഡ്മാസ്റ്റർക്കൊപ്പം നിൽക്കുന്ന ഗായകസംഘത്തിലെ കുട്ടികൾ സാധാരണ പാടാത്ത പാട്ടുകൾ പാടും. അത് മറ്റു ദിവസങ്ങളിൽ പാടുന്ന പ്രാർഥനാഗീതങ്ങളല്ല, ഹിന്ദിയിലാണ്. അർഥമൊന്നും മനസ്സിലാകില്ലെങ്കിലും നിത്യവും കേൾക്കുന്ന പ്രാർഥനകളുടെ തണുത്തുറഞ്ഞ ഭാവമല്ല അതിനുള്ളതെന്നും ചടുലമായൊരു താളം, ഇളകിമറിയുന്ന ഒരു ഊർജം അതിൽ ഒളിച്ചുകിടപ്പുണ്ടെന്നും തോന്നും. ആ കുട്ടികൾ മിക്കവാറും ദേശീയപതാകയുടെ മൂന്നു നിറങ്ങളിലുള്ള വേഷമായിരിക്കും ഇട്ടിരിക്കുക. അവർക്ക് യൂണിഫോം വേണ്ട. സ്വാതന്ത്ര്യത്തെക്കുറിച്ച്, ജനുവരി 26 എങ്കിൽ റിപ്പബ്ലിക് ഡേയെക്കുറിച്ച് മുതിർന്നവർ ആരെങ്കിലും പ്രസംഗിക്കും. കാണാതെ പഠിച്ച് ആദ്യമായി പ്രസംഗിക്കാൻ സ്റ്റേജിൽക്കയറിയ ഒരു സഹപാഠി വിറച്ചു വിറച്ച് ഇടറിയ ഒച്ചയിൽ ഈ ദിവസത്തിന്റെ പ്രാധാന്യം, ഗാന്ധിജി, നെഹ്‌റു... എന്നൊക്കെ ചിലതു പറഞ്ഞേക്കും. അതിനിടയിൽ വാക്കു മുട്ടിയും പ്രസംഗം മറന്നും അവൻ പതറി നിൽക്കുമ്പോൾ എല്ലാവരും അടക്കിച്ചിരിക്കും.