ഭരണഘടനാ നിർമാണത്തിന് ഇംഗ്ലിഷുകാരനെ കൊണ്ടുവരാമെന്ന് നെഹ്റു; ഡോ. അംബേദ്കറിന്റെ പേര് പറഞ്ഞത് ഗാന്ധിജി; എതിർത്ത് പട്ടേലും

Mail This Article
ഇന്ത്യൻ ഭരണഘടനയുടെ കരടു തയാറാക്കാൻ ഇംഗ്ലണ്ടിലെ ഭരണഘടനാ വിദഗ്ധനായ ഐവർ ജെന്നിങ്സിനെ കൊണ്ടുവരാമെന്നാണ് ജവാഹർലാൽ നെഹ്റു ചിന്തിച്ചത്. സരോജിനി നായിഡുവുമൊത്ത് ഗാന്ധിജിയെ കാണാൻചെന്നപ്പോൾ നെഹ്റു അതു പറഞ്ഞു. അപ്പോൾ ഗാന്ധിജി ചോദിച്ചു: നമ്മുടെ രാജ്യത്തെതന്നെ ഭരണഘടനാ വിദഗ്ധനായ ഡോ. ഭീംറാവു അംബേദ്കറുടെ പേര് എന്തുകൊണ്ട് മനസ്സിൽ വന്നില്ല? അതിനു മുൻപു ഗാന്ധിജിയോടും കോൺഗ്രസിനോടും അംബേദ്കർ ശക്തമായ വാക്കുകളിലൂടെ കലഹിച്ചിരുന്നു. പട്ടികജാതികൾക്കു പ്രത്യേക മണ്ഡലങ്ങൾ വേണമെന്നതു താൻ മുന്നിൽനിന്ന അവകാശസമരത്തിന്റെ ഭാഗമായി അംബേദ്കറെടുത്ത ശക്തമായ നിലപാടായിരുന്നു. കോൺഗ്രസ് അനുകൂലിച്ചില്ല. പിന്നീട് കോൺഗ്രസിന്റെ നിലപാടിനു വഴങ്ങിയെങ്കിലും രാഷ്ട്രപിതാവിനോടും മുഖ്യപാർട്ടിയോടുമുള്ള കലഹത്തിന്റെ കാരണങ്ങൾ അംബേദ്കർ നിലനിർത്തി. സർദാർ വല്ലഭ്ഭായ് പട്ടേൽ പറഞ്ഞു: ‘വാതിലുകൾ മാത്രമല്ല, ഭരണഘടനാസഭയുടെ ജനാലകളും അംബേദ്കറിനു മുന്നിൽ അടഞ്ഞുകിടക്കും. എങ്ങനെ അദ്ദേഹം ഭരണഘടനാ സഭയിൽ പ്രവേശിക്കുമെന്നു നമുക്കൊന്നു കാണണം.’ വാതിലുക..ളും ജനാലകളും കൊട്ടിയടച്ചവർതന്നെ അദ്ദേഹത്തെ ഭരണഘടനാസഭയിലേക്കു കൊണ്ടുവരുന്നതാണ് പിന്നീടു കണ്ടത്. ബോംബെയിൽനിന്നു സഭയിലെത്താനാണ് അംബേദ്കർ ആഗ്രഹിച്ചത്. അതിനു തടസ്സങ്ങൾ നേരിട്ടു. ഇപ്പോൾ ബംഗ്ലദേശിലുള്ള ബരിസാലിലെ ജോഗേന്ദ്ര നാഥ് മണ്ഡൽ എന്ന അഭിഭാഷകൻ കിഴക്കൻ ബംഗാളിലെ ജെസോർ– ഖുൽന മണ്ഡലത്തിലേക്ക് അംബേദ്കറെ ക്ഷണിച്ചു. മണ്ഡൽ പേര് നിർദേശിച്ചു; ലെജിസ്ലേറ്റീവ് കൗൺസിലിലെ കോൺഗ്രസ് അംഗം ഗയാനാഥ് ബിശ്വാസ് പിന്തുണച്ചു. ഗയാനാഥ് വോട്ടെടുപ്പിന് എത്തുന്നതു തടയാനുൾപ്പെടെ പാർട്ടി ശ്രമിച്ചു. എങ്കിലും 1946 ജൂലൈ 19നു സഭയിലേക്ക് അംബേദ്കർ തിരഞ്ഞെടുക്കപ്പെട്ടു.