അന്ന് അധികാരം കൈമാറാൻ ബ്രിട്ടിഷുകാർ മടിച്ചു; ഇടപെട്ടത് പട്ടേൽ; ആ ദൗത്യത്തിന് പിന്നിലും ഒരു മലയാളി

Mail This Article
പൂർണ സ്വാതന്ത്ര്യവും പരമാധികാരവുമെന്ന സൗഭാഗ്യത്തിലേക്ക് എത്താൻ ഇന്ത്യ ലക്ഷ്യബോധത്തോടെ സഞ്ചരിച്ചത് ഏറെ ദൂരമാണ്. സ്വാതന്ത്ര്യം നേടിയ അന്നു തന്നെ ഇന്ത്യ എന്തുകൊണ്ട് റിപ്പബ്ലിക്കായില്ലെന്നു വ്യക്തമാകണമെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്ര പശ്ചാത്തലം കൂടി മനസ്സിലാക്കണം. ഇന്ത്യ ചോദിച്ചതു കൊടുക്കാൻ ബ്രിട്ടിഷ് സാമ്രാജ്യം തയാറായിരുന്നില്ല. എന്നു മാത്രമല്ല, നൽകാമെന്നു പറഞ്ഞു പലപ്പോഴും പറ്റിക്കുക കൂടി ചെയ്തു. പൂർണ സ്വാതന്ത്ര്യവും പരമാധികാരവുമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിച്ചതും ഈ നയം തന്നെയാണ്. ബ്രിട്ടനു കീഴിൽനിന്ന് പൂർണമായ മോചനം എന്ന സങ്കൽപത്തോടെയായിരുന്നില്ല ആദ്യകാലങ്ങളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം. പകരം, ഡൊമിനിയൻ പദവിയെന്ന സങ്കൽപമായിരുന്നു ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യ പ്രസ്ഥാനം നേരത്തേ തന്നെയുണ്ടെങ്കിലും വെള്ളക്കാർ കുടിയേറിപ്പാർത്തിരുന്ന ചില പ്രദേശങ്ങൾക്ക് 19–ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഡൊമിനിയൻ പദവി നൽകാൻ ബ്രിട്ടൻ തുടങ്ങിയതോടെ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ഈ ആശയം ഉടലെടുത്തു. ബ്രിട്ടിഷ് കോമൺവെൽത്തിന്റെ ഭാഗമായിക്കൊണ്ടുതന്നെ, 1861–ൽ കാനഡയ്ക്കും, 1872–ൽ ദക്ഷിണാഫ്രിക്കയ്ക്കും, 1900–ൽ ഓസ്ട്രേലിയയ്ക്കും സ്വയം ഭരണാവകാശമുള്ള, എന്നാൽ പരമാധികാരമില്ലാത്ത, ഡൊമിനിയൻ പദവി ( ഈ രാജ്യങ്ങൾ ഡൊമിനിയൻ എന്ന വാക്ക് ഔദ്യോഗികമായി ഉപയോഗിച്ചത് 1931 മുതലാണെങ്കിലും) നൽകി. ആ പദവി ഇന്ത്യയ്ക്ക് നൽകാൻ പക്ഷേ, ബ്രിട്ടൻ വിസമ്മതിച്ചു. ഇത് ഇന്ത്യക്കാരുടെ സ്വാതന്ത്ര്യമോഹം കൂടുതൽ ജ്വലിപ്പിച്ചു.